കണ്ണൂര്‍: (www.kvartha.com) ഡി വൈ എഫ് ഐയില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ഡി വൈ എഫ് ഐ നേതാവ് എം ഷാജര്‍ സ്വര്‍ണം കൈപ്പറ്റിയെന്ന ഗുരുതര ആരോപണത്തില്‍ പാര്‍ടി അന്വേഷണമാരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
ആകാശ് തില്ലങ്കേരിക്ക് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നീ പരാതികളില്‍ ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രടറി എം ഷാജറിനെതിരെയാണ് പാര്‍ടി അന്വേഷണം നടത്തുന്നതെന്നാണ് വിവരം.
ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ സഹിതം ഡി വൈ എഫ് ഐ മുന്‍ ജില്ല പ്രസിഡന്റ് മനു തോമസ് ആണ് പരാതി നല്‍കിയത്. ഈ കാര്യത്തെ കുറിച്ച് പാര്‍ടി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ജില്ലാ സെക്രടറിയേറ്റ് അംഗം എം സുരേന്ദ്രനാണ് അന്വേഷണ കമീഷന്‍. പരാതിക്കാരനില്‍ നിന്ന് അന്വേഷണ കമീഷന്‍ മൊഴിയെടുത്തുവെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്.
ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ് ആണ് പാര്‍ടിയില്‍ എം ഷാജറിന് എതിരെ പരാതി നല്‍കിയത്. ആകാശ് തില്ലങ്കേരി ഉള്‍പെടെയുള്ള കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്നും ലാഭവിഹിതമായി എം ഷാജര്‍ സ്വര്‍ണ്ണം കൈപ്പറ്റിയെന്നാണ് പരാതി. ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലര്‍ത്തുന്നുവെന്നും ആരോപണമുണ്ട്. പാര്‍ടി ചര്‍ചകള്‍ ആകാശിന് ചോര്‍ത്തിക്കൊടുക്കുന്നു എന്നിവയൊക്കെയാണ് ജില്ലാ കമിറ്റിയില്‍ പരാതിയായി എത്തിയത്. ആകാശുമായി ഷാജര്‍ സംസാരിക്കുന്ന വാട്‌സ് ആപ് ഓഡിയോയുടെ പകര്‍പടക്കം ആണ് പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ടിയില്‍ മറ്റു നടപടി ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് മനു തോമസ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് വിവരം. സംസ്ഥാന കമിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് എംവി ഗോവിന്ദന്‍ ഉള്‍പെടെ പങ്കെടുത്ത കഴിഞ്ഞ മാസം നടന്ന ജില്ലാ കമിറ്റി ചര്‍ചയില്‍ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അതോടെയാണ് ഷാജറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജില്ല സെക്രടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ അന്വേഷണ കമീഷനായി നിയോഗിച്ചത്.
ഷാജറിനായി സ്വര്‍ണം കൊണ്ടുവരാന്‍ ചെറുപുഴയില്‍ പോയ പാര്‍ടി ഓഫീസ് ഭാരവാഹിയില്‍ നിന്നും പരാതിക്കാരന്‍ മനു തോമസില്‍ നിന്നും എം സുരേന്ദ്രന്‍ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് സൂചന.
എന്നാല്‍ ഷാജറിന് എതിരായ അന്വേഷണം നിഷേധിച്ച് എം വി ജയരാജന്‍ രംഗത്ത് വന്നു. സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ സി പി എമില്‍ ആര്‍ക്കെതിരെയും പരാതി ഇല്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.
ആകാശിന്റെ സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘത്തെ അമര്‍ച ചെയ്യാന്‍ ഡി വൈ എഫ് ഐയില്‍ മുന്‍കൈയെടുത്തയാള്‍ മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രടറിയും സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവുമാണ് എം ഷാജര്‍. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ നടന്ന പൊതുയോഗത്തില്‍ ആകാശിനെ രൂക്ഷമായ ഭാഷയില്‍ ഷാജര്‍ വിമര്‍ശിച്ചിരുന്നു.
Keywords: News,Kerala,State,Kannur,Top-Headlines,Latest-News,Gold,Smuggling, Allegation,Complaint,DYFI, Politics,party,Political party,Trending, Allocation from Akash's gold debt: Party investigation against DYFI leader in Kannur