ആലപ്പുഴ: (www.kvartha.com) തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇ എം എസ് സ്റ്റേഡിയത്തിന് മുന്നിലാണ് സംഭവം. സ്റ്റേഡിയത്തിലെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ആശുപത്രിയുടെ മുന്നില്‍ സുരക്ഷാ ജോലിയിലായിരുന്നയാള്‍ക്ക് നേരെ കുരച്ചുചാടിയ നായ ഓടിച്ചിട്ട് ഇദ്ദേഹത്തെ കടിക്കുകയായിരുന്നു. പിന്നീടാണ് രണ്ട് സ്ത്രീകള്‍ക്കുള്‍പെടെ കടിയേറ്റത്. ബൈക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലില്‍ കടിക്കുകയുമായിരുന്നു.
നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാര്‍ വലയുപയോഗിച്ച് പിടിച്ചു. ഇതിന് പേയുള്ളതായി സംശയിക്കുന്നതായി നായപിടുത്തക്കാര്‍ പറഞ്ഞു. ഈ നായയില്‍ നിന്നാണ് എല്ലാവര്‍ക്കും കടിയേറ്റത്. ബുധനാഴ്ച രാവിലെ മുതല്‍ സ്റ്റേഡിയത്തിലെത്തുന്ന കടക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ നായ കുരച്ചുചാടുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നായപിടുത്തക്കാര്‍ എത്തുമ്പോഴും നായ യാത്രക്കാര്‍ക്ക് നേരെ കുരച്ചുചാടുകയായിരുന്നു.
നായയുടെ കടിയേറ്റ യാത്രക്കാരന്‍ മുറിവ് കഴുകുന്നതിനായി ശുദ്ധജലം കിട്ടാതെ വിഷമിച്ചു. പിന്നീട് ഓടിക്കൂടിയവര്‍ സ്റ്റേഡിയത്തിന് പുറത്തെ കടയില്‍ നിന്ന് മിനറല്‍ വാടര്‍ വാങ്ങിക്കൊണ്ടുവന്നാണ് മുറിവേറ്റ ഭാഗം വൃത്തിയാക്കിയത്. കടിയേറ്റവരെ ജെനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ റാബിസ് വാക്‌സിന്‍ ഇല്ലാത്തതും പ്രശ്‌നമായി. ഇവരെ പിന്നീട് മെഡികല്‍ കോളജ്ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അവിടെയും വാക്‌സിന്‍ ഇല്ലെന്ന മറുപടിയാണ് നായയുടെ കടിയേറ്റവര്‍ക്ക് ലഭിച്ചതെന്നാണ് വിവരം.
Keywords: News,Kerala,State,Alappuzha,Local-News,Top-Headlines,attack,Dog,Stray-Dog,Injured, Alappuzha: Stray dog attacks four people