ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക് ആശുപത്രിയിലെ ഗൈനകോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. കെ രാജനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന കടക്കരപ്പള്ളി സ്വദേശിനിയില്‍ നിന്നാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്. നേരത്തെ മൂന്നുതവണ യുവതി ഡോക്ടറെ കണ്ടിരുന്നെങ്കിലും ഓരോ കാരണം പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചുവെന്ന് യുവതി പറയുന്നു. കഴിഞ്ഞദിവസം വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചൊവ്വാഴ്ചത്തേക്ക് ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് 2500 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നാണ് പരാതി.
പണം നല്‍കിയാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും തിങ്കളാഴ്ച വൈകിട്ട് 3.30ന് ഡോക്ടറുടെ മതിലകത്തുള്ള പ്രാക്ടിസ് കേന്ദ്രത്തിലെത്തി പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. യുവതി ഇതു റികോര്‍ഡ് ചെയ്ത് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന്റെ നേത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: News,Kerala,State,Alappuzha,Bribe Scam,Doctor,Arrested, Vigilance,Complaint, Alappuzha: Doctor arrested for taking bribe