/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) വിസ സംബന്ധമായ ആവശ്യങ്ങൾക്ക് പ്രവർത്തിക്കുന്ന അൽ അവീർ എമിഗ്രേഷന്‍റെ ഓഫീസ് സേവനം രാവിലെ ആറ് മുതൽ പ്രവർത്തിക്കുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇവിടത്തെ പബ്ലിക് സർവീസ് സെക്ഷൻ എല്ലാ ദിവസവും പ്രവർത്തിക്കുമെന്നും രാത്രി 10 വരെ സേവനങ്ങൾ ലഭ്യമാകുമെന്നും വ്യക്തമാക്കി.
എന്നാൽ, ജാഫ്ലിയയിലെ ജിഡിആർഎഫ്എ മെയിൻ ഓഫീസിന്‍റെ പ്രവൃത്തിസമയം രാവിലെ 7.30 മുതൽ രാത്രി ഏഴു വരെയാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 12 വരെയും ഉച്ചക്ക് 2.30 മുതൽ ഏഴു വരെയും പ്രവർത്തിക്കുന്നതാണ്. ഉപയോക്താക്കൾക്ക് കൂടുതൽ സമയം സേവനങ്ങൾ ലഭ്യമാക്കാനാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചതെന്ന് ജെനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജെനറൽ മുഹമ്മദ് അഹ്‌മദ് അൽ മുർറി പറഞ്ഞു. സന്ദർശകരുടെയും താമസക്കാരുടെയും വിസ സംബന്ധമായ വിവിധ ക്ലിയറൻസുകൾ കൈകാര്യംചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
അത്തരം സേവനങ്ങൾ ആവശ്യമുള്ള ഉപഭോക്താവിന് ഇവിടെ എത്തി നടപടികൾ പൂർത്തിയാക്കി വേഗത്തിൽ മടങ്ങാം. അടിയന്തര വിസ സേവനങ്ങൾക്കായി ദുബൈ എയർപോർട് ടെർമിനൽ മൂന്നിലെ അറൈവൽ ഭാഗത്തെ ജിഡിആർഎഫ്എ ഓഫീസിനെ സമീപിക്കാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. ടോൾഫ്രീ നമ്പറായ 8005111ൽ വിളിച്ചാലും സേവനങ്ങൾ ലഭിക്കുന്നതാണ്.
Keywords: Report by Qasim Udumbumthala, News,World,international,Dubai,Gulf,Top-Headlines,Visa,Latest-News, Al Awir Immigration Office Service Hours Extended.