തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ഥന നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
നിരവധി ആവശ്യങ്ങള്‍ക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സികിള്‍സെല്‍ രോഗത്തിനുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി കോമ്പ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപതി റിസര്‍ച് കെയര്‍ സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
എന്നുമാത്രമല്ല സ്വകാര്യ മേഖലയ്ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റില്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കേന്ദ്രവിഹിതം അനുവദിക്കണം, ജന്തുജന്യ രോഗങ്ങള്‍ തടയുന്ന വണ്‍ ഹെല്‍തിനായുള്ള പ്രത്യേക സെന്റര്‍, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധനവ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ വേണമെന്ന നിബന്ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ അതൊഴിവാക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലൊരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ലെന്ന് മന്ത്രി ആരോപിച്ചു.
ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികള്‍ക്ക് 2023-24 ലെ ബജറ്റ് വകയിരുത്തലില്‍ 8820 കോടി രൂപയായി കുറച്ചു. നാഷനല്‍ ഹെല്‍ത് മിഷനുവേണ്ടി 2023-24 ലെ ബജറ്റ് അനുമാനത്തില്‍ 0.42 ശതമാനത്തിന്റെ നാമമാത്രമായ വര്‍ധന മാത്രമാണുണ്ടായത്. സംസ്ഥാന ആരോഗ്യ മേഖലയോടുള്ള അവഗണനയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Keywords: Again neglecting state's health sector in central budget: Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Budget, Union-Budget, Kerala.