ന്യൂഡെല്‍ഹി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസിന്റെ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയും ചെയ്തു. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തി ദിനം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പറഞ്ഞ കോടതി കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നത് പിന്നീട് തീരുമാനിക്കാമെന്നും അറിയിച്ചു.
നടി മഞ്ജു വാരിയര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് കാട്ടി കഴിഞ്ഞദിവസം ദിലീപ് സുപ്രീകോടതിയില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കിയിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം.
എന്നാല്‍, കേസില്‍ ദിലീപിന്റെ പങ്കുതെളിയിക്കാന്‍ മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. കേസിലെ 34-ാം സാക്ഷിയാണ് മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍.
അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈകോടതി ജഡ്ജി ആര്‍ ബസന്താണ് വിഷയം കോടതിയില്‍ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, അതിന്റെ പേരില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്നും ആര്‍ ബസന്ത് കോടതിയില്‍ ആവശ്യപ്പെട്ടു.
ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജി മാര്‍ച് 24ന് പരിഗണിക്കും.
Keywords: Actress assault case: Won't intervene in witness examination, says SC, New Delhi, News, Actress, Assault, Supreme Court of India, Dileep, Manju Warrier, National.