Follow KVARTHA on Google news Follow Us!
ad

FB Post | ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കാനുള്ള കേന്ദ്ര സര്‍കാര്‍ തീരുമാനത്തിനെതിരെ എഎ റഹിം എംപി; ഇത്തരം തീരുമാനങ്ങള്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും വിമര്‍ശനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Governor,Facebook Post,Criticism,Kerala,
തിരുവനന്തപുരം: (www.kvartha.com) 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചത്. ഇതില്‍ സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറും ഉള്‍പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് ഗവര്‍ണറായാണ് നിയമനം. എന്നാല്‍ ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിന്റെ ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്ര സര്‍കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കയാണ് എഎ റഹിം എംപി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് റഹീമിന്റെ വിമര്‍ശനം.

A A Rahim against Justice S Abdul Nazeer appointment as governor, Thiruvananthapuram, News, Politics, Governor, Facebook Post, Criticism, Kerala

നരേന്ദ്ര മോദി സര്‍കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്ന് പറഞ്ഞ റഹിം ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ഠിക്കുന്ന ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറില്‍നിന്ന് വന്നിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി.

അയോധ്യ കേസിലെ വിധിയും മനുസ്മൃതിയെ കുറിച്ചുള്ള ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിന്റെ പരാമര്‍ശങ്ങളും റഹിം തന്റെ ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുപ്രീംകോടതിയില്‍ നിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീര്‍ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചു. അയോധ്യ കേസില്‍ അന്തിമവിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു ഇദ്ദേഹം എന്നോര്‍ക്കണം.

2021 ഡിസംബര്‍ 26നു ഹൈദരാബാദില്‍ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്ത് നാഷനല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാര്‍ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തില്‍, 'ഇന്ത്യന്‍ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന്' അഭിപ്രായപ്പെട്ട ആളാണ് അബ്ദുല്‍ നസീര്‍.

ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളില്‍ കണ്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് ഗവര്‍ണര്‍ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല കേന്ദ്രസര്‍ക്കാര്‍ നീക്കം.

ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം വാഗ്ദാനം ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടു കൂടാ. മോദി സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണ്.
 
 

Keywords: A A Rahim against Justice S Abdul Nazeer appointment as governor, Thiruvananthapuram, News, Politics, Governor, Facebook Post, Criticism, Kerala.

Post a Comment