കണ്ണൂര്‍: (www.kvartha.com) പെരളശേരിയില്‍ എട്ടാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയായ അധ്യാപികയ്‌ക്കെതിരെ നേരത്തെ തന്നെ വേറൊരു പരാതി നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അധ്യാപിക ഉപദ്രവിച്ചെന്ന മറ്റൊരു കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നു.
അതേസമയം, വിഷയത്തില്‍ സംഭവത്തില്‍ ബാലാവകാശ കമീഷന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍, ജീവനൊടുക്കിയ കുട്ടിയുടെ വീട്ടിലും സ്‌കൂളിലും സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പൊലീസിനോട് റിപോര്‍ട് തേടി.
പെരളശേരി എ കെ ജി സ്മാരക ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ (13) ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു. കുട്ടി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു അധ്യാപിക വഴക്ക് പറഞ്ഞുവെന്നും ഒരു സഹപാഠിനി കളിയാക്കതായും പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ശ്രീജിത്ത് കോടെരി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ചു മണിയോടെയാണ് പെരളശേരി ഐവര്‍ കുളത്തെ സ്വപ്‌നക്കൂട്ടിലെ പി എം പ്രവീണ്‍ - റീന ദമ്പതികളുടെ മകള്‍ റിയ പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തയത്. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷമാണ് വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് സംസ്‌കരിച്ചു. സി പി എം വടക്കുമ്പാട് ബ്രാഞ്ച് കമിറ്റിയംഗമാണ് പിതാവ് വി എം പ്രവീണ്‍. ചക്കരക്കല്ലില്‍ ലാബ് ടെക്‌നീഷ്യയാണ് അമ്മ റീന. ഇവര്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.
സ്‌കൂളില്‍ ബെഞ്ചില്‍ മഷി പുരട്ടിയതുമായി ബന്ധപ്പെട്ട് റിയയും സഹപാഠികളും തര്‍ക്കത്തിലേര്‍പെട്ടിരുന്നു. ബെഞ്ചില്‍ പേരെഴുതി വെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതു മായ്ച്ചു കളയാന്‍ ശ്രമിച്ച റിയയില്‍ നിന്നും ബെഞ്ചിലും ചുമരിലും മഷിപടര്‍ന്നതായും സഹപാഠികള്‍ പറയുന്നു. തുടര്‍ന്ന് ക്ലാസില്‍ തര്‍ക്കത്തിലേര്‍പെട്ട നാല് വിദ്യാര്‍ഥിനികളോട് രക്ഷിതാക്കളെ കൂട്ടി വരണമെന്ന് അധ്യാപിക ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിഷയത്തില്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Keywords: News,Kerala,State,Kannur,Allegation,Case,Teacher, 8th class girl's suicide case complaint has already been filed against the accused teacher