പത്തനംതിട്ട: (www.kvartha.com) സമയക്രമം പാലിക്കാത്ത കെ എസ് ആര്‍ ടി സി ബസിന് തിരിച്ചടി നല്‍കി അധ്യാപിക. നഷ്ടപരിഹാരമായി മാനേജിംഗ് ഡയറക്ടര്‍ നല്‍കേണ്ടത് 69,000 രൂപ. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാതിരിക്കുമ്പോഴാണ് നഷ്ടപരിഹാരം കൂടി നല്‍കേണ്ടി വരുന്നത്.
പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ആണ് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറോട് അധ്യാപികയ്ക്ക് 69,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍ എസ് എസ് എച് എസ് എസ് സ്‌കൂളിലെ അധ്യാപികയുമായ പി പ്രിയ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി.
സംഭവം ഇങ്ങനെ:
മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ പി എച് ഡി ഗവേഷണ വിദ്യാര്‍ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കാഴ്ചയ്ക്കു വേണ്ടി 2018ല്‍ കൊട്ടാരക്കരയില്‍ നിന്നും വൈകിട്ട് 8.30ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ എസ് ആര്‍ ടി സിയുടെ എ സി ബസിന് 1003 രൂപ മുടക്കി ടികറ്റ് ബുക് ചെയ്തിരുന്നു. അന്ന് 5.30നു സ്റ്റാന്‍ഡിലേക്ക് വിളിച്ചപ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയില്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ അന്ന് രാത്രി 8.30 ന് കെ എസ് ആര്‍ ടി സിയുടെ കൊട്ടാരക്കരയിലെ അധികൃതര്‍ തിരുവനന്തപുരം ഓഫീസില്‍ വിളിക്കുമ്പോള്‍ മാത്രമാണ് ബസ് റദ്ദ് ചെയ്ത വിവരം പ്രിയ അറിയുന്നത്. ഇതോടെ യാത്ര ചെയ്യാനാകാതെ അധ്യാപിക വിഷമിച്ചു. തുടര്‍ന്ന് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ടപ്പോള്‍ അന്ന് രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിന് ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയില്‍ ഒറ്റയ്ക്കു ടാക്‌സിയില്‍ കൊട്ടാരക്കരയില്‍ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടികറ്റ് ചാര്‍ജ് കൊടുത്ത് മൈസൂറിലേക്ക് പോയി.
വീട്ടില്‍ നിന്നും 16 കിലോമീറ്റര്‍ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപോയില്‍ ഇവര്‍ എത്തിയത്. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഏറെ വൈകി 11.45 നാണ് ഇവര്‍ക്ക് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് താമസം നേരിട്ടതിനാല്‍ മൂന്നു ദിവസം മൈസൂരില്‍ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദ് ചെയ്തിട്ടും ടികറ്റ് ചാര്‍ജ് റീഫന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിക്കുകയായിരുന്നു.
റദ്ദ് ചെയ്ത ബസിന്റെ ടികറ്റ് ചാര്‍ജ് ഉള്‍പ്പെടെ 69,000 രൂപ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ഹര്‍ജിക്കാരിക്ക് കൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍ ശാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
Keywords: 69,000 to be paid by KSRTC Managing Director as compensation, Pathanamthitta, News, KSRTC, Compensation, Teacher, Court, Kerala.