മുംബൈ: (www.kvartha.com) മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്ത 65 കാരന് ഹണിട്രാപില്‍ കുടുങ്ങി നഷ്ടമായത് 60 ലക്ഷം രൂപ. പ്രായമാകുമ്പോള്‍ കൂട്ടിന് ഒരാള്‍ വേണമെന്ന ചിന്തയില്‍ സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തതാണ് വയോധികന് വിനയായത്. പരിചയപ്പെട്ട യുവതിയുമായി വീഡിയോ കോള്‍ ചെയ്തതോടെ വയോധികന് ലക്ഷങ്ങള്‍ നഷ്ടമാകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീഡിയോ കോളിനിടെ സ്ത്രീ ലൈംഗികമായി പ്രലോഭിപ്പിച്ച് വയോധികനോട് വിവസ്ത്രനാകാന്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ റെകോര്‍ഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് 65 കാരന്‍ പരാതിയില്‍ പറയുന്നു.
പോര്‍ടലില്‍ പരിചയപ്പെട്ട സ്ത്രീ ഇയാളുമായി ചാറ്റിങ് ആരംഭിച്ചു. അതിനുശേഷം അവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. വീഡിയോ കോളിനിടെ യുവതി വസ്ത്രം അഴിച്ച് ഇയാളെ പ്രലോഭിക്കുകയും ഇയാളോടും വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി ദൃശ്യങ്ങള്‍ റെകോര്‍ഡ് ചെയ്യുന്നത് പരാതിക്കാരന് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് നാണക്കേട് ഭയന്ന് ഇയാള്‍ 60 ലക്ഷത്തോളം രൂപ നല്‍കി. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരിചയക്കാര്‍ക്ക് അയച്ചുകൊടുക്കുമെന്നാണ് യുവതി ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഭീഷണി തുടര്‍ന്നതോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ പൊലീസ് സെലിലാണ് പരാതി രെജിസ്റ്റര്‍ ചെയ്തത്.
യുവതി ഉപയോഗിച്ച വാട്സ് ആപ് നമ്പറിന്റെയും ഇയാള്‍ പണം കൈമാറിയ ബാങ്ക് അകൗണ്ടിന്റെയും വിശദാംശങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനായാണ് ഇയാള്‍ മാട്രിമോണിയല്‍ സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളുടെ പേരും പ്രൊഫൈല്‍ ഫോടോകളും ഉപയോഗിച്ച് പുരുഷന്മാരാണ് പല ലൈംഗികാതിക്രമ കേസുകളിലും പ്രതികളെന്ന് പൊലീസ് പറഞ്ഞു.
Keywords: News,National,India,Online,Fraud,Complaint,Crime,Cyber Crime,Local-News,Police, 65 year man loses Rs 60 lakh on marriage portal