ഇരിട്ടി: (www.kvartha.com) അയ്യങ്കുന്നിലെ അടഞ്ഞു കിടന്ന റബര്‍ സഹകരണസംഘം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവര്‍ച നടത്തിയെന്ന പരാതിയില്‍ മോഷ്ടാക്കള്‍ അറസ്റ്റില്‍. മുണ്ടേരി സ്വദേശി മണികണ്ഠന്‍ (27), കൂത്തുപറമ്പ് സ്വദേശി മണികണ്ഠന്‍ (39) എന്നിവരെയാണ് കരിക്കോട്ടക്കരി എസ് എച് ഒ പിബി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഒരു പ്രതിയെ ഇടുക്കി അടിമാലിയില്‍ വെച്ചും മറ്റൊരു പ്രതിയെ മുണ്ടേരിമൊട്ടയില്‍ വെച്ചുമാണ് പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ മാസം ഒന്‍പതിന് രാത്രിയിലായിരുന്നു മോഷണം നടന്നത്. അടഞ്ഞുകിടന്ന സ്ഥാപനം കുത്തിത്തുറന്ന് ഇരുന്നൂറോളം റബര്‍ റോളിംഗ് അച്ചുകളാണ് ഇവര്‍ മോഷ്ടിച്ച് കൊണ്ടുപോയതെന്നാണ് പരാതി. ഇതിന് പത്ത് ലക്ഷത്തോളം രൂപ വിലവരും.
സ്ഥാപനത്തിന്റെ ലിക്വിഡേറ്ററായി പ്രവര്‍ത്തിക്കുന്ന അസി. രെജിസ്ട്രാര്‍ ജയശ്രീയുടെ പരാതിയില്‍ കരിക്കോട്ടക്കരി പൊലീസ് കേസെടുത്ത് സൈബര്‍സെലിന്റെ സഹായത്തോടെ അന്വേഷിച്ചു വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
പകല്‍ സമയം സ്വന്തം വാഹനത്തില്‍ പഴയസാധനങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുകയും രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ മോഷണം നടത്തുന്നതുമാണ് തങ്ങളുടെ രീതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ പിബി സജീവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ വിപിന്‍, അബ്ദുല്‍ റഊഫ്, എ എസ് ഐ റോബിന്‍സണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്, പ്രമോദ് ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ മണികണ്ഠന്‍ കണ്ണൂര്‍, മട്ടന്നൂര്‍, കോഴിക്കോട്, ഫറോക് തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു, മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: 2 arrested for robbery case, Kannur, News, Robbery, Arrested, Police, Kerala.