Farzeen Majeed | മുഖ്യമന്ത്രിക്കുനേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു

 


കണ്ണൂര്‍: (www.kvartha.com) ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനു സസ്‌പെന്‍ഷനിലായിരുന്ന യൂത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ മട്ടന്നൂരില്‍ യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ്, ആറു മാസത്തിനു ശേഷമാണ് ഇപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

2022 ജൂണ്‍ 13നാണ് സസ്‌പെന്‍ഷന് ഇടയാക്കിയ സംഭവം നടന്നത്. കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലായിരുന്നു സസ്‌പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട കേസ് വധശ്രമക്കേസാക്കി പൊലീസ് മാറ്റിയത് വിവാദമായിരുന്നു. ഇവര്‍ക്കെതിരെ ഗൂഢാലോചനയും ഉള്‍പ്പെടുത്തി.

Farzeen Majeed | മുഖ്യമന്ത്രിക്കുനേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു


ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പ്രതിഷേധത്തിനു കാരണമായി. ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്ത് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാപ്പ നീക്കം.

ഇതിനിടെ, അതേ വിമാനത്തില്‍ യാത്ര ചെയ്ത ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ മര്‍ദിച്ചു തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ യൂത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മാത്രമാണ് ആദ്യം കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു ജയിലിലുമാക്കി.

ജയരാജനും മുഖ്യമന്ത്രിയുടെ രണ്ടു ജീവനക്കാരും ചേര്‍ന്നു തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് ഇവര്‍ പരാതിപ്പെട്ടിട്ടും കേസ് എടുക്കാന്‍ പൊലീസ് തയാറായില്ല. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥിനെതിരെയും വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ് എടുത്തു. പ്രതിഷേധക്കാര്‍ക്കെതിരെ വിമാന കംപനി രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ജയരാജനെതിരെ മൂന്നാഴ്ചത്തെ വിലക്കു വന്നു. ഇതിനിടെയാണ് ഫര്‍സീന്‍ മജീദിനെ സസ്‌പെന്‍ഡ് ചെയ്തത്.

Keywords: Youth Congress Leader Farzeen Majeed returned to work, Kannur, News, Politics, Youth Congress, Suspension, Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia