ബെംഗ്‌ളൂറു: (www.kvartha.com) സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവളത്തില്‍ നിന്ന് ഇട്ടിരുന്ന വസ്ത്രം അഴിപ്പിച്ച് പരസ്യമായി അധിക്ഷേപിക്കപ്പെട്ടെന്ന തിക്താനുഭവം പങ്കിട്ട് യുവഗായിക. വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വിയാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം പങ്കുവച്ചത്.
എന്നാല്‍ എങ്ങോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമെന്ന് പെണ്‍കുട്ടി പങ്കുവച്ചില്ല. യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി കുറിപ്പില്‍ പറഞ്ഞില്ല. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗ്‌ളൂറു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.
'സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്‌പോയ്ന്റില്‍ നില്‍ക്കുകയെന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.'- കൃഷാനി ട്വിറ്ററില്‍ കുറച്ചു.
പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപറേഷന്‍ ടീമിനെയും സര്‍കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് യുവതി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനോ വിമാനത്താവള പൊലീസിലോ പരാതി നല്‍കാത്തതെന്നാണെന്നും സുരക്ഷാ ഏജന്‍സികള്‍ ചോദിക്കുന്നുണ്ട്.
Keywords: News,National,Airport,Allegation,Social-Media,Public Place,Singer,Local-News, Woman Alleges She Was Forced To Take Her Shirt Off For Security Check At Bengaluru Airport