ഇടുക്കി: (www.kvartha.com) ചിന്നക്കനാല്‍ ബി എല്‍ റാവില്‍ കാട്ടാന ആക്രമണത്തില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. മഹേശ്വരിയുടെ വീടാണ് പുലര്‍ചെ കാട്ടാന ആക്രമിച്ചത്. ഈസമയം മഹേശ്വരിയും മകള്‍ കോകിലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മഹേശ്വരിയും മകളും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ വീടുകള്‍ ആക്രമിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. അരിക്കൊമ്പന്‍ എന്ന ഒറ്റയാനാണ് ശനിയാഴ്ചയും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും ആനയുടെ ആക്രമം ഉണ്ടായിരുന്നു. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ റേഷന്‍ കട ഉള്‍പെടെ തകര്‍ത്തിരുന്നു. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന റേഷന്‍ സാധങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ റേഷന്‍ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകര്‍ത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സാ തേടിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 തവണയാണ് ആന കട തകര്‍ക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
അതേസമയം, ചിന്നക്കനാല്‍ പന്നിയാര്‍ എസ്റ്റേറ്റില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ തുടരുന്നു. വെള്ളിയാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രിയും ആനകളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അഞ്ച് കുട്ടിയാനകള്‍ ഉള്‍പെടെ ഒന്‍പത് ആനകളെയാണ് ചിന്നക്കനാല്‍ ബി എല്‍ റാം സിറ്റിയോടു ചേര്‍ന്നുള്ള എസ്റ്റേറ്റില്‍ വെള്ളിയാഴ്ച കണ്ടെത്തിയത്.
Keywords: News,Kerala,State,Local-News,Idukki,Elephant,Elephant attack,Wild Elephants, Wild elephant attack in Idukki chinnakanal