അടയാളപ്പെടുത്തിയത് ബഫര്‍ സോണിനല്ലെന്നത് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആശ്വാസമായി. ധാതുസമ്പത്തിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര നിര്‍ദേശ പ്രകാരം എത്തിയ സ്വകാര്യ ഏജന്‍സിയാണ് അടയാളപ്പെടുത്തല്‍ നടത്തിയത്. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ എത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയും പയ്യാവൂര്‍ മേഖലയില്‍ മാര്‍കിംഗ് നടത്താനെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ഇവര്‍ പയ്യാവൂരിലും എത്തിയതോടെ പ്രദേശവാസികള്‍ സമയോചിതമായി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പയ്യാവൂര്‍ പൊലീസെത്തി സംഘത്തെ കലക്ട്രേറ്റില്‍ എത്തിച്ചു. മുംബൈയില്‍ നിന്ന് എത്തിയ സംഘം എഡിഎമുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്. അയ്യന്‍കുന്ന് പഞ്ചായതിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം ചുവന്ന അടയാളം കണ്ടെത്തിയിരുന്നത്.
അയ്യന്‍ കുന്ന് പഞ്ചായതിലെ ഭാഗങ്ങള്‍ കര്‍ണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതായുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പഞ്ചായതിലെ 16 ഇടങ്ങളില്‍ മാര്‍കിംഗ് കണ്ടെത്തിയത്. ഇത് കര്‍ണാടക വനം വകുപ്പിന്റേതാകാമെന്ന സംശയവും നിലനിന്നിരുന്നു.
മാക്കൂട്ടം, ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫര്‍ സോണ്‍ പരിധിയില്‍ കേരളത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കര്‍ണാടകയില്‍ നിന്നുള്ള മാപ് ലഭ്യമാക്കണമെന്ന് പഞ്ചായത് പ്രസിഡന്റ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്‍കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ വിവരം ലഭിച്ചിരുന്നില്ല. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂര്‍ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. മടിക്കേരി, കൂര്‍ഗ് ഡിഎഫ്ഒമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്ന കര്‍ണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ലാ കലക്ടര്‍ എഡിഎമിനെ ചുമതലപ്പെടുത്തുകയായിരുന്നു. എഡിഎം ഡിസംബര്‍ 30ന് സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു.
Keywords: Spotted in Kannur not buffer zone sign: central private agency conducted mineral resource survey confirmed, Kannur, News, Farmers, Family, Police, District Collector, Kerala.