Follow KVARTHA on Google news Follow Us!
ad

Media | മാധ്യമ ധര്‍മത്തിന് കുഴിമാടം തീര്‍ക്കുന്നവര്‍ക്കായി

Role of the Media, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നേര്‍ക്കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kvartha.com) ഖനിയില്‍ നിന്നും കുഴിച്ചെടുക്കുന്ന മണ്ണ്, അതിനെ ചികഞ്ഞ് പൊടിയും കറകളും കളഞ്ഞ് മൂശയിലിട്ടു ഉരുക്കി, അരിച്ചെടുത്തതില്‍ നിന്നും അവശേഷിക്കുന്ന ചെമ്പും കൂടി വേര്‍തിരിക്കുമ്പോള്‍ തനിതങ്കം കയ്യില്‍ കിട്ടും. ക്രൂഡ് ഓയില്‍ പല വിധ ശുദ്ധീകരണത്തിലൂടെയാണ് പെട്രോള്‍-ഡീസലായി ഊറ്റിയെടുക്കുന്നത്. അതുപോലെയായിരിക്കണം വാര്‍ത്ത. ഇന്ന് ശുന്യതയില്‍ നിന്നുമാണ് വാര്‍ത്തകളെത്തുന്നത്. ശുദ്ധീകരിക്കാതെ, അരിച്ചു പെറുക്കി, ചേറും പൊടിയും കളയാത്ത വാര്‍ത്തകള്‍. തങ്കമെന്നു പറഞ്ഞ് ചെമ്പുപൂശിയ വാര്‍ത്തകള്‍. സംശുദ്ധമാക്കിയ വാര്‍ത്ത മാത്രമേ ജനങ്ങള്‍ക്ക് കൈമാറാന്‍ പാടുള്ളു.
     
Article, Top-Headlines, News, Media, Journalist, Role of the Media.

പത്രധര്‍മ്മത്തിന്റെ അടിസ്ഥാന തത്വമാണ് അത്. സ്വദേശാഭാനി പഠിപ്പിച്ചത് അങ്ങനെ എഴുതാനാണ്. അടിച്ചും, പതച്ചും, ഉരുക്കിയും പാകാമാകാതെ എവിടെയോ കിടന്നിരുന്ന ഊഹം, ഇന്നലെത്തേതോ അതിനും എത്രയോ മുമ്പില്‍ എപ്പോഴെങ്കിലുമോ ഉണ്ടായ സംഭവം ഇന്നത്തെ ചൂടുള്ള വാര്‍ത്തയായി രൂപാന്തരപ്പെടുത്തുന്ന സ്ഥാപനമായി പത്ര ധര്‍മ്മം മാറിപ്പോയി. അധര്‍മ്മത്തിന്റെ വാര്‍ത്തക്കാണ് ശക്തി കൂടുതല്‍. മുഖ്യമാധ്യമങ്ങളിലെ എഡിറ്ററുടെ മുറി കക്കൂസിനടുത്ത്. പുമുഖത്ത് ശീതീകരിച്ച പ്രധാന മുറി പബ്ലിസ്റ്റി മാനേജര്‍ക്കുള്ളതായി മാറിയിരിക്കുകയാണ്. ഏറെ കാലമായി ഇതു തുടരുന്നു.

'അന്തരീക്ഷ വായുവില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കളഞ്ഞ് ഊറ്റിയെടുക്കുന്ന ഓക്സിജനാണ്' വാര്‍ത്തകളെന്ന് ജനം തെറ്റിദ്ധരിക്കുന്നു. കാര്യമറിയാതെ വായനക്കാര്‍ വലിച്ചു കയറ്റുന്നത് ശുചീകരിക്കാത്ത അന്തരീക്ഷ വായുവാണ്. വായനക്കാരന്റെ അകം മലിനമാക്കുക. അതാണ് ഇന്നത്തെ പത്രധര്‍മ്മം. വിശ്വസിച്ച് പണം കൊടുത്തു നാം അതു വാങ്ങുന്നു. സ്വര്‍ണം എന്നു തെറ്റിദ്ധരിച്ച് സ്വര്‍ണ വര്‍ണം പുശിയ ചെമ്പിന്റെ ആഭരണമണിയുന്നു. ഇന്നലത്തെ വാര്‍ത്ത ഇന്നലെ അച്ചടിച്ച് ഇന്നത്തെ തീയ്യതി ചേര്‍ത്ത് വില്‍ക്കുന്നതു തന്നെ കാപട്യമാണ്. ഓരോ പത്രങ്ങളും ഒന്നാം പേജിലെ തീയ്യതിയില്‍ അടക്കം കള്ളത്തരം ഒളിപ്പിച്ചു വെച്ചാണ് നമ്മെ കൊണ്ട് വായിപ്പിക്കുന്നത്.

'ഈശ്വരന്‍ തെറ്റു ചെയ്താലും ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും' എന്ന് സ്വദേശാമാനിക്ക് പറയാന്‍ കഴിഞ്ഞു. ഇന്ന് ആര്‍ക്കു സാധിക്കും അങ്ങനെ പറയാന്‍. അന്നത്തെ ദിവാനെ പത്രധര്‍മ്മത്തിനു മുട്ടുക്കുത്തിക്കാന്‍ കഴിഞ്ഞു. ഇന്ന് ദിവാന്മാര്‍ പത്രങ്ങളെ മുട്ടു കുത്തിക്കുന്നു. പത്രമാധ്യമ വ്യവസായം പ്രലോഭനങ്ങളില്‍, പദവികളില്‍, നോട്ടുകെട്ടുകളില്‍, കൈക്കൂലികളില്‍ മയങ്ങിപ്പോകുന്നു. അതു സത്യത്തിന്റെ മരണത്തിലേക്കാണ് എത്തിച്ചേരുന്നത്. സത്യമെഴുതുന്നവന്‍ ശ്വാസം കിട്ടാതെ മരിക്കുന്നു. അല്ലെങ്കില്‍ കാരാഗ്രഹത്തിലെത്തുന്നു. പന്‍സാരെമാര്‍, ദബോല്‍ക്കര്‍മാര്‍, ഗൗരി ലങ്കേശുമാര്‍ ഒടുവില്‍ ഇതാ സിദ്ദീഖ് കാപ്പന്‍. പേരുകള്‍ നിരനിരയായി ഉയര്‍ന്നു പൊങ്ങുകയാണ്.

നൂറായിരം പത്രങ്ങളുണ്ട്, അവിടെ എവിടെ തെരഞ്ഞാലും ഒരു സ്വദേശാഭിമാനി പത്രത്തെ കണ്ടെത്താന്‍ കഴിയുന്നില്ല. സത്യമെഴുതുന്നവര്‍ നാടുകടത്തപ്പെടുന്നു. മാധ്യമങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ചരക്കായി, വ്യവസായമായി മാറിയിരിക്കുന്നു. ഏതു വാര്‍ത്ത വരണം, വരാന്‍ പാടില്ല എന്നത് വിലകൊടുത്തു വാങ്ങുന്ന രാഷ്ട്രീയ വ്യവസായിയുടെ തീരുമാനമായി മാറുന്നു. പത്രം ഒരു വികാരമായിരുന്ന കേരളീയര്‍ അവര്‍ വിളമ്പുന്നതു കഴിക്കുന്നു. ഏമ്പക്കമിടുന്നു.

ഇന്നു ഞാന്‍ നാളെ നീ.., ഈ കവിതാശകലം ഓര്‍ത്തു കൊണ്ടു വേണം സത്യമെഴുതുന്നവനു വീട്ടിലേക്ക് ചെല്ലാന്‍. വഴിയില്‍ വെച്ച് കൊല്ലപ്പെടാം. പന്‍സാരെക്ക്, ഗൗരി ലങ്കേശിന്, ദിബോല്‍ക്കറിനു സംഭവിച്ചതിന് അപ്പുറം സംഭവിക്കാം. പത്രപ്രവര്‍ത്തകന് ഒരു ദിവസം ഒരാണ്ടാണ്. എലിയേപ്പോലെയല്ല, സിംഹത്തേപ്പോലെ പ്രവര്‍ത്തിക്കേണ്ടവനാണ്. ആയുസിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ ഒദ്യോഗിക ഗുണ്ടകളാണ്. സത്യത്തിന്റെ ചക്രത്തിനു വേഗത കൂട്ടുക. സത്യത്തിന്റെ മരണം തൊട്ടുമുന്നിലുണ്ട്. ഭരണകൂടം എന്ന പേര് സ്വീകരിച്ച് ഘാതകര്‍ ഇരുട്ടില്‍ പതിയിരിക്കുന്നുണ്ട്. ഓര്‍ക്കുക, ഇതൊക്കെ വല്ലപ്പോഴുമെങ്കിലും.

രാജാവ് നഗ്‌നനാണെന്നു പറയാന്‍ സ്വദേശാഭിമാനിക്കു കഴിഞ്ഞിരുന്നു. ഇന്ന് ആര്‍ക്കുണ്ട് അതിനുള്ള ചങ്കൂറ്റം. സകലതിനേയും വ്യാമോഹിപ്പിച്ച് ഇരുട്ടില്‍ ഒളിപ്പിച്ചു വച്ച് അവര്‍ വെളിച്ചത്തെക്കുറിച്ച് പ്രസംഗിക്കുന്നു. നിങ്ങള്‍ ഇരുട്ടത്താണ്, സൗജന്യമായി കിട്ടിയ കിറ്റില്‍ മയങ്ങുകയാണ്. കിറ്റിനപ്പുറം നിങ്ങള്‍ക്കു ഒന്നിനും അര്‍ഹതയില്ല. അര്‍ഹര്‍ അമ്പാനിമാരാണ്. പെയ്ഡ് വാര്‍ത്തകളെ തിരുത്തിപ്പറയാന്‍ ഒരു പത്രത്തിനും ഇന്നു കഴിയുന്നില്ല. കാരണം ഇന്നു സത്യത്തിന്റെ വില്‍പനശാലയല്ല, പണം കൊടുത്തു വാങ്ങുന്ന ഉടഞ്ഞ തക്കാളി, ചീഞ്ഞ മുട്ടയാണ് പത്രധര്‍മ്മം. അവ സ്വയം നാറുന്നതിനോടൊപ്പം പരിസരത്തെ നാറ്റുന്നു.

വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കാതെ ഉള്‍പ്പേജുകളിലേക്ക് വലിയുമ്പോള്‍, സ്ത്രീ പീഡനവും, കൊലപാതകവും, അക്രമ രാഷ്ട്രീയവും, ഗുണ്ടായിസവും മുന്‍ പേജുകളില്‍ സ്ഥാനം പിടിക്കുന്നു. നിറഞ്ഞ ആസ്വാദ്യതയോടെ ഇത്തരം വാര്‍ത്തകള്‍ വായിച്ചു രസിക്കാന്‍ ജനം പാകമായിരിക്കുന്നു. പത്രധര്‍മ്മം പാടെ ഉപേക്ഷിച്ച്, മനുഷ്യമനസ്സിലെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുന്ന പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകള്‍ കുത്തിക്കുറിക്കുന്ന മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും സത്യത്തിന്റെ അന്തകരായി മാറുകയാണ്. സത്യസന്ധമായ വാര്‍ത്തകള്‍ പച്ചയായി എഴുതിയാല്‍ കിട്ടുന്ന വായനക്കാര്‍ വിരളമാണെങ്കില്‍ പോലും അതിനൊരു അന്തസും ആഭിജാത്യവും ഉണ്ട് . ആ ചെറുന്യൂനപക്ഷവും അന്തിവെളിച്ചത്തിലാണ്.

വാള്‍മുനയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു ഒരു കാലത്ത് അക്ഷരങ്ങള്‍ക്ക്. അവയെല്ലാം വധിക്കപ്പെട്ടിരിക്കുന്നു. പ്രേതങ്ങളെ നിരത്തിയാണ് ഇന്നു പത്രം ഇറങ്ങുന്നത്. ആര്‍ജ്ജവമുള്ള അക്ഷരങ്ങള്‍ക്ക് മുന്‍പില്‍ അധികാര മുനയുള്ള ബയണറ്റുകള്‍ തോറ്റു പോയിടത്തു നിന്നും തുടങ്ങിയ യാത്രയില്‍ നാം എത്തിച്ചേരുന്നത് മഹാഭൂരിപക്ഷം സീറ്റുറപ്പിച്ചവര്‍ ഇരിക്കുന്ന പാര്‍ലിമെന്റിലേക്കാണ്. അതിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ജീവനുള്ള ഫോട്ടോക്കു നേരെമുന്നിലായി ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ത്തിരുന്ന സവര്‍ക്കറിന്റെ ഫോട്ടോയും ചില്ലിട്ടു വച്ചിരിക്കുന്നു. സവര്‍ക്കറെ തൊഴുതു കൊണ്ടാണ് ഭൂരിപക്ഷം എംപിമാരും തങ്ങളുടെ സീറ്റിലിരിക്കുന്നത്. ചോരയൊലിപ്പിച്ചു മരിച്ച ഗാന്ധിയെ തൊഴാന്‍ ഇന്ന് ആളില്ല. അടുത്ത തെരെഞ്ഞടുപ്പ് കഴിയുന്നതോടെ അവിടെ നാഥൂറാം വിനായക് ഗോഡ്‌സെയുടെ ഫോട്ടോയും ഇടം പിടിച്ചേക്കാം. സംശയം വേണ്ട.

ഗാന്ധിജിയെ വീണ്ടും ഒരിക്കല്‍ കൂടി കൊല്ലാന്‍ സാധിക്കാത്തതിന്റെ ദുഖത്താല്‍ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി വെടിവെച്ചു ചോര ചീറ്റി ആസ്വദിക്കുന്നവര്‍ക്കു ജയ് പാടുന്നവരെയാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത്. സവര്‍ക്കറുടെ ഫോട്ടോ ചില്ലിട്ടു തൂക്കിയ പാര്‍ലിമെന്റില്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാനാണ് നാം ജീവിച്ചിരിക്കുന്നത്. സര്‍ക്കാരുദ്യോഗങ്ങള്‍, മറ്റു വാര്‍ത്താ ഉല്‍പ്പന്നങ്ങള്‍, ട്രായ് തുടങ്ങിയവയില്‍ കൈക്കൂലിയും അഴിമതിയും നിറഞ്ഞാടുന്നു. കൈക്കൂലി വാങ്ങുന്നതും, ദേശസ്നേഹത്തിന്റെ ലേബലൊട്ടിച്ചു കപ്പം വാങ്ങുന്നതും, അംബാനിമാരെ പിടിച്ചു പറിക്കാന്‍ അനുവദിക്കുന്നതും. ബീഹാറിലെ കസുസില്ലായ്മക്ക് പരിഹാരമായി വര്‍ഷങ്ങളായി പെട്രോള്‍ വില ഇരട്ടിച്ചു വാങ്ങുന്നതും ഒന്നും ഇന്നാട്ടില്‍ രാജ്യദ്രോഹമല്ലാത്തടത്ത്, അതു ഉറക്കെ വിളിച്ചു പറയുന്ന കാപ്പന്മാര്‍ രാജ്യദ്രോഹികള്‍.അവര്‍ക്കു (സത്യത്തിനു) താമസിക്കാനുള്ള ഇടമാണ് ജയില്‍.

1909 ഡിസംബര്‍ 31-നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി. 'ഭൂമിയില്‍ വിത്തു വിതച്ചവരില്‍ നിന്നും തട്ടിപ്പറിഞ്ഞ് വിള കൊയ്തു കൊണ്ടു പോകുന്ന തമ്പ്രാക്കള്‍ക്കെതിരെയാണ് പത്രധര്‍മ്മത്തിന്റെ വാള്‍മുന ഉയരേണ്ടത്'. ഓരോ വീടുകളിലും പത്രമാഫിസുകളിലും നീതിന്യായ കാര്യലയങ്ങളില്‍ അടക്കം ചില്ലിട്ടു തൂക്കാന്‍ ധൈര്യമുണ്ടാകുമോ ഇന്ന് ഇന്ത്യക്ക് ഈ വാക്കുകള്‍? സത്യത്തിനു കാവല്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയത്തില്‍ തൂക്കിയിടടേണ്ട ഫലകമാണ് ഈ വാചകം. .

ഗൗരി ലങ്കേഷ്, ദബാല്‍ക്കര്‍, പന്‍സാരെമാര്‍ ആ പ്രതിജ്ഞ ഏറ്റെടുത്തവരാണ്. അവര്‍ വര്‍ത്തമാന പത്രങ്ങളുടെ ഗാന്ധിമാരാണ്. ഗാന്ധിമാര്‍ വെടിയേറ്റു മരിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ ഗോഡ്സമാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അത്തരക്കാര്‍ക്ക് ഭരണകൂടത്തിന്റെ ഒന്നാം റാങ്കു കിട്ടുന്നു, പണം കിട്ടുന്നു. പാരിതോഷികം കിട്ടുന്നു. തോക്കിനെയല്ല, സത്യം പറയുന്നവന്‍ ഒളിയമ്പിനെയാണ് ഭയക്കേണ്ടത്. തോക്കില്ലാതെ വെടിയുതിര്‍ക്കാന്‍ കഴിയുന്നതിന്റെ പേരാണ് ഫാസിസം.

ജനങ്ങളെ മഹാനായ ഹിറ്റ്ലരുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിക്കുവാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനായി അവര്‍ പറഞ്ഞു കൊടുക്കുന്നത് പകര്‍ത്തിയെഴുതുക മാത്രമാണ് സത്യമെഴുത്തുകാരന്റെ ഇന്നത്തെ ജോലി. കറുപ്പുടുത്തു വരുന്ന ഓരോ അക്ഷരക്കൂട്ടങ്ങളും കലാസുകളില്‍ പടച്ചുണ്ടാക്കുന്നത് ഇന്ത്യന്‍ ഹിറ്റ്ലര്‍ മഹാനാണ് എന്നു ഉറക്കെപ്പറയാനാണ്. സ്വേഛാതിപതിയായ ഹിറ്റലര്‍ എന്നതിനു പകരം മഹാനായ ഹിറ്റ്ലര്‍ എന്നു മാറ്റി വിളിക്കപ്പെടേണ്ട സാഹചര്യത്തിലാണ് ഇന്ന് പത്രധര്‍മ്മം. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും. ആ വാചകങ്ങള്‍ക്ക് 110 തികയുന്നു. നാം ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത്. ആ വാക്കിനൊപ്പമോ, അതോ എതിര്‍പക്ഷത്തോ?.

പത്രധര്‍മ്മത്തിന് ഇന്ന് എവിടെയാണ് സ്ഥാനം. സത്യം വിളിച്ചു പറയുന്ന ഓരോ പത്രപ്രവര്‍ത്തകന്റെയും ഊര്‍ജ്ജമായി ഇനി ഇന്ത്യക്ക് മാറാന്‍ കഴിയുമോ? സത്യത്തിന്റെ മാര്‍ക്കറ്റ് ഇനിയും ഇടിഞ്ഞു താഴുമോ?
തിരുവിതാംകൂറില്‍ നിന്നും ആദ്യമായി നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകനായ രാമകൃഷ്ണപിള്ളയുടെ സാദാ പത്രം ഇന്ന് നാടിന് വേണ്ടാതായിരിക്കുന്നു. അതും നാടു കടത്തപ്പെട്ടിരിക്കുന്നു. പകരം സൈബറിടങ്ങള്‍ വളര്‍ന്നു ആല്‍മരമായി തീര്‍ന്നിരിക്കുന്നു. പത്രപ്രവര്‍ത്തനമെന്ന പ്രയോഗത്തിനാണ് വെടിയേല്‍ക്കുന്നത്. എഴുത്തും വായനയും ദൃശ്യവും, ശബ്ദവും, സ്പര്‍ശനവും എല്ലാം കെട്ടുപിണഞ്ഞ വാര്‍ത്തകള്‍ അവിയല്‍ രൂപത്തില്‍ തീന്‍മേശയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതില്‍ വേണ്ടതിലധികം മസാലകള്‍ ചേര്‍ന്നിരിക്കുന്നു. ജനം വാരിവലിച്ചു തിന്നുന്നു. ഫാസിസമാണ് വികസനമെന്ന് ധരിച്ചു സര്‍ക്കാര്‍ സൗജന്യമായി തരുന്ന ഉച്ഛിഷ്ടം സദ്യയാണെന്നു തെറ്റിദ്ധരിച്ച് ആര്‍ത്തിയോടെ കഴിക്കുന്നു.

പത്രക്കടലാസല്ല, പോക്കറ്റിലെ യന്ത്രം പറയുന്നതാണ് ശരി എന്നു വിശ്വസിക്കുന്നു. മാധ്യമ സങ്കല്‍പ്പത്തില്‍ സത്യത്തിനുണ്ടായിരുന്ന സ്ഥാനം, സ്വാധീനം നവമാധ്യമങ്ങള്‍ കുഴിച്ചു മൂടിയിരിക്കുന്നു. അതിന്റെ പ്രേതമാണ് പോക്കറ്റിലിരിക്കുന്ന വാര്‍ത്തകള്‍. സത്യം എടുക്കാച്ചരക്ക്. വിലയിട്ടാല്‍ വാങ്ങാനാളില്ലാത്ത ഗാന്ധി. സ്വദേശിയതയുടെ ഖദറിനു പകരം സോഷ്യല്‍ മീഡിയയുടെ സില്‍ക്കു കുപ്പായത്തിനാണ് ഡിമാന്റ്. മുടി നീട്ടി, താടി വളര്‍ത്തി, കുളിക്കാതെ, മരുന്നടിച്ചു കിടക്കുന്നവന്റെ കിടക്കകളിലാണ് ഇന്ന് സത്യവും അസത്യവും വേര്‍തിരിക്കപ്പെടുന്നത്.

ജുഡീഷ്യറി, ലജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, നാലാം തൂണാണ് പത്രധര്‍മ്മം. അതിലെ സുഷിരങ്ങള്‍ വലുതായി വരുന്നു. ജനാധിപത്യം ഇതാ പിസാഗോപുരം പോലെ ചെരിഞ്ഞു തുടങ്ങിയിരിക്കുന്നു. നാലാം തൂണ് ഭീഷണിയുടെ മുനമ്പിലാണ്. പരിണിത പ്രജ്ഞരെന്ന് നാം കരുതുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ, തലയ്ക്കു മുകളില്‍ ആടുന്ന ഡെമോക്ലീസിന്റെ വാളിരിപ്പുണ്ട്. അതുകൊണ്ട് മുഖ്യധാരാമാധ്യമങ്ങളും മരണഭീഷണിയിലാണ്. നൂതന മാധ്യമങ്ങള്‍ തോക്കെടുത്തു വെടിയുതിര്‍ക്കുമ്പോള്‍ തടയാനാകുന്നില്ല.
     
Article, Top-Headlines, News, Media, Journalist, Role of the Media.

എന്റെ രാമന്‍ മുഹമ്മദ് കൂടിയാണെന്ന് ഉറക്കെപ്പറയുന്ന ഗാന്ധിമാരുടെ സുരക്ഷ അപകടത്തിലാണ്. സമൂഹമാധ്യമങ്ങള്‍ കീഴടക്കിയ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും വായനക്കാരന്, ശ്രോതാവിനു ഇനി രക്ഷ കിട്ടില്ല. അവര്‍ ഛര്‍ദ്ദിച്ചത് മാത്രം വിഴുങ്ങാനാണ് യോഗം. പത്രം വെറും കവലക്കോളാമ്പി മാത്രം. മാധ്യമങ്ങളാണ് വാര്‍ത്തകളുടെ മൊത്തക്കച്ചവടക്കാര്‍. ശരിയും തെറ്റും തീരുമാനിക്കുന്നത് അവരുടെ സന്ധ്യാ ചര്‍ച്ചകളാണ്. പ്രഭാതത്തിനു കാത്തുനില്‍ക്കാതെ അതു മോന്തി നാം ഉറങ്ങുന്നു. വാര്‍ത്തകള്‍ ഏതോ അഗാത കേന്ദ്രത്തില്‍ നിന്നും പകര്‍ത്തി എഴുതപ്പെട്ടതാണെന്നു നാം ഓര്‍ക്കുന്നില്ല. കിട്ടിയതു വിഴുങ്ങുന്നു. ബ്രേക്കിംഗ് ന്യൂസും, സെന്‍സേഷണല്‍ ന്യൂസുമാണ് നമ്മുടെ വിശ്വാസം കവരുന്നത്. അതിജീവനം ഏത്രോയ വിദൂരം.

വാര്‍ത്തകളില്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണങ്ങള്‍ ചാലിച്ച്, ആളുകളെ ഭിന്നിപ്പിക്കാന്‍ മത്സരിക്കുന്നവര്‍ സര്‍ക്കാരിന്റെ അച്ചാരം വാങ്ങുന്നവരാണ്. ജനങ്ങള്‍ ചേരി തിരിഞ്ഞു കമന്റ് ബോക്സില്‍ യുദ്ധത്തിനു തയ്യാറായി കൊണ്ടാണ് ഒരോ പ്രഭാതവും ഉണരുന്നത്. അവിടെ ജയിക്കുന്ന ഓരോ കമന്റും ഭീഷ്മര്‍ക്കു നേരെ തറക്കുന്ന അമ്പുകളായി മാറുന്നു. മതേതരത്വം ശരശയ്യയില്‍ മരണവും കാത്തു കിടപ്പാണ്. ഒളിയമ്പെയ്യുന്ന ദുര്യോധനന്മാരാണ് കളത്തില്‍. ദുര്യോധനന്മാര്‍ക്ക് വീണ്ടും അധികാരം തിരിച്ചു കിട്ടുന്നു. ഗാന്ധി നയിച്ച മഹാഭാരത യുദ്ധത്തില്‍ അധര്‍മ്മം വിജയിച്ചിരിക്കുന്നു. ഇനിയുമൊരു രാഷ്ട്രീയ പ്രളയത്തിനു കാതോര്‍ക്കുകയാണ് ഇന്ത്യ. കാലികള്‍ ചത്തൊടുങ്ങി ഒരിക്കല്‍ കൂടി ദ്വാരക ഇല്ലാതായി ദുര്യോധനന്മാരെ തുരത്താന്‍ പുതിയൊരു അവതാരം സംഭവ്യമാകുമോ. ധര്‍മ്മ സംസ്ഥായാര്‍ത്ഥായ. ധര്‍മ്മം തകരുമ്പോള്‍ ഞാന്‍ വീണ്ടും വരുമെന്ന് പറഞ്ഞത് വെറും പറ്റിക്കല്‍ മാത്രമായിരിക്കുമോ. വരും വരാതിരിക്കില്ലെന്ന് വിശ്വസിച്ച് കാത്തിരിക്കുകയാണ് ജനം.

Keywords: Article, Top-Headlines, News, Media, Journalist, Role of the Media.
< !- START disable copy paste -->

Post a Comment