സര്‍കാര്‍ ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചിലവുകള്‍ 15% വെട്ടിക്കുറയ്ക്കണമെന്നും നാഷനല്‍ ഓസ്റ്ററിറ്റി കമിറ്റി (എന്‍എസി) നല്‍കിയ ശുപാര്‍ശകളില്‍ പറയുന്നു.
'ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ് വ്യവസ്ഥ'യെന്നാണ് ലോകബാങ്ക് പാകിസ്താനെ വിശേഷിപ്പിക്കുന്നത്. വിദേശസഹായം കൊണ്ടു മാത്രമേ പാകിസ്താനെ കുറച്ചെങ്കിലും കരകയറ്റാന്‍ കഴിയൂവെന്നും അതിനൊപ്പം ശക്തമായ ഒരു ഭരണകൂടം കൂടി വേണമെന്നും രാജ്യാന്തര നിരീക്ഷകര്‍ വിലയിരുത്തുന്നു.
2022 ല്‍ വിലക്കയറ്റം 25% വരെ വര്‍ധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ റിപോര്‍ട് ചെയ്തത്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികള്‍ക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി.
ഇന്ധന വില 61% ആണ് വര്‍ധിച്ചത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രകുകള്‍ക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഡോളറിനെതിരെ പാകിസ്താന്‍ രൂപ കൂപ്പുകുത്തി. ഒരു യുഎസ് ഡോളര്‍ ലഭിക്കണമെങ്കില്‍ 255.43 പാകിസ്താനി രൂപ നല്‍കണം. ഒരു ദിവസം കൊണ്ട് 24.54 രൂപയാണ് ഇടിഞ്ഞത്. 1999നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കാന്‍ വിനിമയനിരക്കില്‍ അയവു വരുത്തിയതോടെയാണ് പാക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.
അതേസമയം, സഹായത്തിന്റെ അടുത്ത ഗഡു നല്‍കുന്നതിനു മുന്നോടിയായി ഐഎംഎഫ് സംഘം അടുത്തയാഴ്ച പാകിസ്താനിലെത്തും. ഏഴു ബില്യന്‍ യുഎസ് ഡോളറിന്റെ സഹായമാണ് പാകിസ്താന്‍ തേടിയിരിക്കുന്നത്. ഇത് ഒന്‍പതാം വട്ടമാണ് ഐഎംഎഫുമായി ചര്‍ച നടത്തുന്നത്. ഇപ്പോള്‍ 1.18 ബില്യന്‍ ഡോളര്‍ വിട്ടുകിട്ടുന്നതിനാണ് ചര്‍ച.
ഇതിനൊപ്പം തിങ്കളാഴ്ച ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനാലുണ്ടായ വോള്‍ടേജ് വ്യതിയാനത്തില്‍ വൈദ്യുതി വിതരണ സംവിധാനം (ഗ്രിഡ്) തകരാറിലായതോടെ 20 കോടിയോളം ജനങ്ങള്‍ ഇരുട്ടിലായി. മൂന്നുമാസത്തിനിടെ ദക്ഷിണേഷ്യയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ വൈദ്യുത തടസമാണിതെന്നാണ് റിപോര്‍ട്.
പ്രധാന പാക് നഗരങ്ങളായ കറാച്ചി, ഇസ്ലാമാബാദ്, ലഹോര്‍, പെഷാവര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. ആശുപത്രികളെയും സ്‌കൂളുകളെയും ഫാക്ടറികളെയും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങളെയും ഇതു ബാധിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ഇന്ധനം വാങ്ങേണ്ടിവന്നു. ചൊവ്വാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും 24 മണിക്കൂര്‍ വൈദ്യുതി ഇല്ലാതെ വന്നത് ജനത്തെ ദുരിതത്തിലാക്കി.
Keywords: Pakistan Rupee Slumps To Record Low, Crisis-Hit Nation Seeks Bailout, Islamabad, News, Economic Crisis, Bank, Salary, Trending, World.