Follow KVARTHA on Google news Follow Us!
ad

Investigation | കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം; 24 കാരന്‍ പൊലീസ് കസ്റ്റഡിയില്‍; ചോദ്യം ചെയ്യുന്നു

Missing woman dead body found in railway quarters Kollam one in custody#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊല്ലം: (www.kvartha.com) ചെമ്മാമുക്കില്‍ ഫാത്തിമ മാതാ നാഷണല്‍ കോളജിന് എതിര്‍വശത്തെ കാടുമൂടിയ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അഞ്ചല്‍ സ്വദേശിയായ നാസു(24)വിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കുണ്ടറ പൊലീസ് പറയുന്നത്: മങ്ങാട് ടി കെ എം സി പൗര്‍ണമി നഗര്‍-63 വയലില്‍ പുത്തന്‍വീട്ടില്‍ പ്രസന്നന്റെയും ഉദയമ്മയുടെയും മകള്‍ മാമൂട് മുണ്ടഞ്ചിറ മാടന്‍കാവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നന്‍ (32) ആണ് മരിച്ചത്. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടെ കൊല്ലം ബീചില്‍ ഉമയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. 

ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റിരുന്നു. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. യുവതിയുടെ തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി രണ്ട് മുറിവുകളുമുണ്ട്.

ഇരുവരും കഴിഞ്ഞ 29-ന് റെയില്‍വേ ക്വാര്‍ടേഴ്‌സിലെത്തിയെന്നും അവിടെവെച്ച് യുവതിക്ക് അപസ്മാരമുണ്ടായെന്നും കസ്റ്റഡിയിലായ നാസു പൊലീസിന് മൊഴി നല്‍കി. യുവതി മരിച്ചതോടെ പുറത്തിറങ്ങി ബ്ലേഡ് വാങ്ങിവന്നാണ് അവരുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയതെന്നും നാസു പൊലീസിനോട് പറഞ്ഞു. പൊലീസ് ഈ മൊഴി പൂര്‍ണമായി വിശ്വസിക്കുന്നില്ല. ബുധനാഴ്ച രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്യുകയാണ്.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ സംശയകരമായി കണ്ട നാസു(24)വിന്റെ പക്കല്‍നിന്നാണ് ഉമയുടെ ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് അന്ന് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം യുവാവിനെ വിട്ടയച്ചു. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന ഉമയുടെ അമ്മയുടെ നമ്പരില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉദയമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞശേഷം ബുധനാഴ്ച നാസുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

News,Kerala,State,Kollam,Top-Headlines,Latest-News,Death,Case,Dead Body,Police, Missing woman dead body found in railway quarters Kollam one in custody


സൗന്ദര്യവര്‍ധകവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്നു ഉമ. ബലപ്രയോഗം നടന്നതിന് സൂചനകളില്ലെന്നാണ് പോസ്റ്റുമോര്‍ടത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തിയ രണ്ടു യുവാക്കളാണ് മൃതദേഹം കണ്ട് ഈസ്റ്റ് പൊലീസിനെ വിവരമറിയിച്ചത്. രാത്രിതന്നെ പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പൊലീസും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി. ശരീരത്തിന്റെ ചിലഭാഗങ്ങള്‍ അഴുകിയനിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും ലെഗ്ഗിങ്സും അടിവസ്ത്രവും കണ്ടെത്തി. ബാഗില്‍ വില്‍പനയ്ക്കായുള്ള സൗന്ദര്യവസ്തുക്കളും തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഡയറി, കുട, പേനകള്‍, ഫോടോകള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. യുവതിയുടെ മറ്റ് വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല. കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഉമയുടെ ഭര്‍ത്താവ് ബിജു മൂന്നുവര്‍ഷംമുമ്പ് അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് അമ്മയ്ക്കൊപ്പമാണ് ഉമ വാടകയ്ക്കു താമസിച്ചിരുന്നത്. മക്കള്‍: നന്ദന, നിധി. പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: News,Kerala,State,Kollam,Top-Headlines,Latest-News,Death,Case,Dead Body,Police, Missing woman dead body found in railway quarters Kollam one in custody

Post a Comment