KSRTC | കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ നഷ്ടപ്പെട്ട തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് സിഎംഡി

 


എടത്വ: (www.kvartha.com) കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്ക് നോടിസ് നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷിച്ച് റിപോര്‍ട് ഉന്നത അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുന്‍പു നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയ രീതിയെപ്പറ്റിയും വിമര്‍ശനം ഉയരുന്നുണ്ട്.

KSRTC | കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ നഷ്ടപ്പെട്ട തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് സിഎംഡി

ഡിപോയില്‍ നിന്നു പണം നഷ്ടപ്പെട്ടാല്‍ കോര്‍പറേഷന്‍ അധികൃതര്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇവിടെ പണവുമായി പോയ താല്‍കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്. പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. പണം കൊണ്ടുപോകുമ്പോള്‍ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദേശമുള്ളതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമാണ്.

ഡിപോയില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താല്‍കാലിക ജീവനക്കാരി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ കയറിയ ബസില്‍ 20ല്‍ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഡ്യൂടിയിലുണ്ടായിരുന്ന ടികറ്റ് ഇഷ്യുവര്‍ പണം കെട്ടുകളാക്കി കാഷ് ബുകില്‍ നോടുകളുടെ എണ്ണം ഉള്‍പ്പെടെ എഴുതി വച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞു പോയി. പിന്നീടു വന്ന ഡേറ്റ എന്‍ട്രി ഓപറേറ്ററാണ് താല്‍കാലിക ജീവനക്കാരിയെ പണം ഏല്‍പിച്ചത്. ബസില്‍ കയറിയപ്പോള്‍ ബാഗിന്റെ സിപ് തുറന്ന് പണം അപഹരിച്ചെന്നാണ് ജീവനക്കാരി പറയുന്നത്. ബസില്‍നിന്ന് ഇറങ്ങിയപ്പോഴാണ് ഇത് മനസ്സിലായതെന്നും പറഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഡിപോയില്‍ ജീവനക്കാര്‍ കുറവായിരുന്നു. സാധാരണ പണം കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് പരിശീലനത്തിലും സ്റ്റേഷന്‍ ചുമതലയുള്ള ജീവനക്കാരന്‍ അവധിയിലുമായതിനാല്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് അന്ന് ഡ്യൂടിയില്‍ ഉണ്ടായിരുന്നത്.

Keywords: KSRTC CMD reacts on cash missing issue, Alappuzha, News, KSRTC, Trending, Missing, Salary, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia