കണ്ണൂര്‍: (www.kvartha.com) കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച പശ്ചാത്തലത്തില്‍ കണ്ണൂരിലെ ഹോടെലുകളില്‍ ആരോഗ്യ വിഭാഗം പരക്കെ റെയ്ഡ് നടത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹോടെലുകള്‍, ചായക്കടകള്‍, ബേകറികള്‍ എന്നിവടങ്ങളിലും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിലുമാണ് ഒരേ സമയം പുലര്‍ചെ മുതല്‍ പരിശോധന നടന്നത്.
ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ നഗരത്തിലെ തട്ടുകടകളില്‍ പരിശോധന നടത്തുകയും ചിലത് പൂട്ടിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചില ഹോടെലുകളില്‍ നിന്ന് പുഴു അരിക്കുന്ന രീതിയില്‍ കോഴി വിഭവങ്ങള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്.
58 ഹോടെലുകളിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ മുതല്‍ പരിശോധന നടത്തിയത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പള്ളിക്കുന്ന് ഭാഗത്തെ ഹോടെലുകളില്‍ നിന്നും ബേകറികളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുള്ളത്.
പഴകിയ ഭക്ഷണം വിളമ്പുന്നതിനെതിരെയും മായം കലര്‍ത്തി വില്‍ക്കുന്നതിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ ടി ഒ മോഹനന്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
Keywords: News,Kerala,State,Kannur,Top-Headlines,Trending,Food,Hotel,Seized,Health, Kannur: Raid in hotels, infested worms food seized