ജൊഹാനസ് ബര്‍ഗ്: (www.kvartha.com) പ്രഥമ അന്‍ഡര്‍ 19 വനിതാ ട്വന്റി20 ക്രികറ്റ് ലോകകപ് കിരീടം ഇന്‍ഡ്യയ്ക്ക്. പോചഫ് സ്ട്രൂമിലെ സെവന്‍സ് പാര്‍കില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴു വികറ്റിനു തോല്‍പ്പിച്ചാണ് കൗമാരപ്പട കിരീടം ചൂടിയത്. ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീമിന്റെ കന്നി ലോകകപാണ് ഇത്. ഫൈനലില്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്‍ഡ്യന്‍ ബോളര്‍മാര്‍ 17.1 ഓവറില്‍ വെറും 68 റണ്‍സിന് കെട്ടുകെട്ടിച്ചു.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്‍ഡ്യ, 14 ഓവറില്‍ വെറും മൂന്നും വികറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്‍ഡ്യയ്ക്കായി പന്തെറിഞ്ഞ എല്ലാ ബോളര്‍മാരും വികറ്റ് നേടി. ടിറ്റാസ് സധു, അര്‍ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവര്‍ രണ്ടു വികറ്റ് വീതം നേടിയപ്പോള്‍ മന്നത്ത് കശ്യപ്, ശഫാലി വര്‍മ, സോനം യാദവ് എന്നിവര്‍ ഓരോ വികറ്റു വീതവും നേടി.
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റയാന മക്‌ഡൊണാള്‍ഡ് ഗേ (19) ആണ് അവരുടെ ടോപ് സ്‌കോറര്‍. നിയാം ഹോളണ്ട് (10), അലക്‌സാ സ്റ്റോണ്‍ഹൗസ് (11), സോഫിയ സ്‌മെയില്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
മറുപടി ബാറ്റിങ്ങില്‍, മൂന്നാം ഓവറില്‍ കാപ്റ്റന്‍ ശഫാലി വര്‍മയുടെ (15) വികറ്റ് ഇന്‍ഡ്യയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ തന്നെ മറ്റൊരു ഓപണര്‍ ശ്വേത ശെഹ്രാവതും (5) പുറത്തായി. മൂന്നാം വികറ്റില്‍ സൗമ്യ തിവാരിയും (24*) ഗോങ്കടി തൃഷയും (24) ചേര്‍ന്ന് നേടിയ 46 റണ്‍സ് ഇന്‍ഡ്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 13-ാം ഓവറില്‍ പുറത്തായ ഗോങ്കടിക്കു പകരമെത്തിയ ഹൃഷിതാ ബസു (0*) പുറത്താകാതെ നിന്നു.
സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ എട്ടു വികറ്റ് ജയത്തോടെയാണ് ഇന്‍ഡ്യ ഫൈനലിലെത്തിയത്. ഇന്‍ഡ്യന്‍ വനിതാ സീനിയര്‍ ടീം രണ്ടു തവണ ഏകദിന ലോക കപിലും ഒരു തവണ ട്വന്റി20 ലോക കപിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ട് ലോക കപ് ഫൈനലില്‍ ഇന്‍ഡ്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിരുന്ന ശഫാലി വര്‍മയുടെ നേതൃത്വത്തിലാണ് ഇന്‍ഡ്യയുടെ അണ്ടര്‍ 19 ലോകകപ്പ് കിരീടനേട്ടം.
Keywords: India beat England to win inaugural ICC U19 Women’s T20 World Cup, South Africa, News, World Cup, Women, Winner, World.