സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. വ്യവസായികൾ നിരക്ക് തുടർചയായി ഇടിച്ചതിനാൽ കൈവശമുള്ള ചരക്ക് വില്പനയ്ക്കിറക്കാൻ ചെറുകിട കർഷകരും താത്പര്യം കാണിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യാന്തര റബർ വിപണിയിൽ നിന്നും സുഖകരമായ സൂചനകളല്ല പുറത്തുവരുന്നത്. നിയന്ത്രണങ്ങൾക്ക് ചൈന അയവ് വരുത്തിയതിന് പിന്നാലെ കോവിഡ് വീണ്ടും രൂക്ഷമായതോടെ ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾക്കുശേഷം മാത്രമേ വ്യവസായികളുടെ ശ്രദ്ധ കയറ്റുമതി രാജ്യങ്ങളിലേയ്ക്ക് തിരിയൂ. ജനുവരി 22 നാണ് ചൈനീസ് പുതുവത്സരം.
ചൈനയിൽ ഡിമാൻഡ് വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ, റബർ അവധി നിരക്കുകൾ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കായ കിലോ 137 യുഎസ് സെന്റിന് വരെ കയറി. ഈ ഘട്ടത്തിലാണ് കോവിഡ് മൂലം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക പുറത്തുവരുന്നത്. ഇതോടെ വില 126 ലേയ്ക്ക് വരെ ഇടിഞ്ഞു. ചൈനയിലെ ചെങ്ഡുവിലുള്ള വോക്സ്വാഗന്റെയും എഫ്എഡബ്ല്യൂവിന്റെയും പ്ലാന്റുകൾ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തുറന്നു. പല കാർ നിർമാതാക്കളുടെയും പ്ലാൻറ്റുകളും ഉല്പാദനം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ഒരു വശത്ത് നടക്കുന്നു. ഇതിനിടയിൽ മഴ മൂലം വിവിധ രാജ്യങ്ങളിൽ റബർ ഉൽപ്പാദനം ചുരുങ്ങിയെങ്കിലും തല്ക്കാലം ഇത് വില ഉയരാൻ കാരണമാകില്ല.
ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില കിലോ 135 രൂപയിലാണ്. ആ നിരക്കിൽ റബർ ശേഖരിച്ച് ഇവിടെ ഇറക്കുമതി നടത്തുന്നത് പോലുള്ള ഉയർന്ന ചിലവുകൾ വ്യവസായികളെ ഇറക്കുമതിയിൽ നിന്നു പിൻതിരിപ്പിക്കും. ഒരു വൻകിട ടയർ കംപനി സംസ്ഥാനത്ത് നിന്ന് 137-140 രൂപ റേഞ്ചിൽ കിട്ടുന്ന ചരക്ക് വൻതോതിൽ വാങ്ങിക്കൂട്ടാൻ ഉത്സാഹിക്കുന്നുണ്ട്. എന്നാൽ മറ്റ് പല കംപനികളും ചരക്ക് സംഭരണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ താല്പര്യം കാണിച്ചിട്ടില്ല.
റബർ വില അപ്രതീക്ഷിതമായി ഇടിഞ്ഞതിനാൽ ഒരു വിഭാഗം കർഷകർ ചരക്ക് വിറ്റഴിച്ചു. കൂലി ചിലവുകൾ താങ്ങാനാവാത്തതാണ് ചരക്ക് വിൽപനക്കെത്തിക്കാൻ അവരെ നിർബന്ധിതരാക്കിയത്. വിലത്തകർച മൂലം ഉത്പാദകർ വെട്ടിന് താൽപര്യം കാണിക്കാതെ തോട്ടങ്ങളിൽ നിന്നും അകന്നിട്ടുണ്ട്. ജൂലൈ ആദ്യ കിലോ 180 റേൻജിൽ നീങ്ങിയ നാലാം ഗ്രേഡിന് പിന്നീട് ഒരിക്കൽ പോലും ആ നിലവാരത്തിലേയ്ക്ക് തിരിച്ച് വരവിന് അവസരം നൽകാത്ത വിധത്തിലാണ് ടയർ ലോബി വിപണിയെ തകർത്തത്. ഒക്ടോബർ അന്ത്യം 150 രൂപയിലെ പടികൂടി അവർ തകർത്തപ്പോൾ ഷീറ്റ് വില 140 ൽ കടിച്ചുത്തൂങ്ങുമെന്ന് വിപണി കണക്ക് കൂട്ടി. എന്നാൽ ആ പ്രതീക്ഷകളും തകർത്ത് 136 ലേക്ക് നാലാം ഗ്രേഡ് താഴ്ന്നു.
നമ്മുടെ നിരക്കിലും പതിനഞ്ച് രൂപ വരെ താഴ്ത്തി ചരക്ക് ഇറക്കാൻ ത്രിപുര-മേഘാലയ ഭാഗങ്ങളിലെ തോട്ടങ്ങൾ തയ്യാറായതും വിലത്തകർച്ചയുടെ ആക്കം വർധിപ്പിച്ചു. മേഘാലയയിൽ ഒരു പ്രമുഖ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ മൂലം ചരക്ക് നീക്കം അവിടെ സ്തംഭിച്ചതോടെ റബർ കെട്ടികിടക്കാൻ ഇടയാക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ വില്പനസമ്മർദം ശക്തമാക്കി. ഇതിനിടയിൽ കർണാടകത്തിൽ നാലാം ഗ്രേഡ് കിലോ 134 രൂപയായും അഞ്ചാം ഗ്രേഡ് 126 രൂപയായും കുറഞ്ഞിട്ടുണ്ട്.
Keywords: Latest-News, Kerala, Kannur, Top-Headlines, Agriculture, Farmers, Rate, Price, Growers concerned over drop in rubber prices.
< !- START disable copy paste -->