കോട്ടയം: (www.kvartha.com) ഹോടെലില്‍നിന്ന് അല്‍ഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.
കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക് ഹോട്ടടെലിന് (മലപ്പുറം കുഴിമന്തി) നേരെയാണ് പ്രതിഷേധം. ഹോടെലിലേക്ക് മാര്‍ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോടെല്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിസിടിവി കാമറകളും ഹോടെലിന് മുന്നില്‍ വച്ചിരുന്ന ചെടിച്ചട്ടികള്‍ ഉള്‍പ്പെപടെയുള്ളവയും വലിച്ചെറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ മാസം 29ന് ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രശ്മിക്ക് രോഗബാധയുണ്ടായത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ട രശ്മിയെ ആദ്യം സമീപത്തെ ഒരു ആശുപത്രിയിലും പിന്നീട് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവിടെനിന്ന് ഞായറാഴ്ച കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന യുവതി തിങ്കളാഴ്ച രാത്രി ഏഴിന് മരിച്ചു.
മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, ഈ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ ഹോടെല്‍ പൂട്ടിച്ചു. അതേസമയം, പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഒരു മാസം മുന്‍പ് നഗരസഭാ ആരോഗ്യ വിഭാഗം ഇടപെട്ട് ഇതേ ഹോടെല്‍ അടപ്പിച്ചിരുന്നു.
Keywords: News,Kerala,State,Kottayam,Top-Headlines,Trending,Food,Death, Protesters,Protest, hospital,DYFI, Food Poison Death at Kottayam; DYFI Protest