കണ്ണൂര്‍: (www.kvartha.com) ത്രിപുരയില്‍ സിപിഎം - കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ബാന്ധവത്തിലേര്‍പ്പെട്ടതിന്റെ ഫലമെന്തെന്ന് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. ത്രിപുയിലെ സിപിഎം അടവുനയം വിജയിക്കുകയാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സിപിഎമും കൈകോര്‍ക്കുന്ന മതേതര ചേരിയായിരിക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് നേരിടേണ്ടി വരിക. ഇരുപാര്‍ടികളോടും ചങ്ങാത്തം പുലര്‍ത്തുന്ന പ്രാദേശിക പാര്‍ടികള്‍ ഇതില്‍ കടന്നുവന്നാല്‍ 2014- ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് പ്രതീക്ഷിച്ചതു പോലെ ഈസിവാകോവാറാകണമെന്നില്ല.
അതുകൊണ്ടു തന്നെ സാധാരണ തെരഞ്ഞെടുപ്പുഫലത്തിനു ശേഷം ബിജെപി ദേശീയ നേതൃത്വം അധികാരം റാഞ്ചാന്‍ പയറ്റുന്ന 'ഓപറേഷന്‍ ലോടസ്' ഇക്കുറി നേരത്തെ പുറത്തെടുത്തിരിക്കുകയാണ് അമിത് ഷാ. സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും രണ്ട് എംഎല്‍എമാരെ റാഞ്ചി ബിജെപി പാളയത്തിലെത്തിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമായാണെന്നാണ് ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഫെബ്രുവരിയില്‍ പോളിങ് നടക്കുകയും മാര്‍ചില്‍ ഫലപ്രഖ്യാപനം വരികയും ചെയ്യുന്ന ത്രിപുരയിലെ 61-സീറ്റുകളില്‍ 13- എണ്ണമാണ് കോണ്‍ഗ്രസിന് സിപിഎം പകുത്തു നല്‍കിയത്. സീറ്റുവിഭജനം അസ്വാരസ്യങ്ങളില്ലാതെ നടത്താന്‍ കഴിഞ്ഞത് ഇരുപാര്‍ടികള്‍ക്കും ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ തകര്‍ന്നടിഞ്ഞ ഇരുപാര്‍ടികളും കിഴക്കന്‍ ബംഗാളികള്‍ ഏറെകുടിയേറി പാര്‍ക്കുന്ന ത്രിപുരയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ആദിവാസി പാര്‍ടികളെ അണിനിരത്തി ബിജെപി ഒരുക്കുന്ന പത്മവ്യൂഹം ഭേദിക്കാന്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്നാണ് ഇവര്‍ കരുതുന്നത്. ഏറെക്കാലമായി ഭരിച്ച ത്രിപുര പിടിച്ചെടുക്കുകയെന്നത് സിപിഎമിനെ സംബന്ധിച്ചു അഭിമാനപ്രശ്നങ്ങളിലൊന്നാണ്. ഏതു ചെകുത്താനെയും കൂട്ടി ഭരണം പിടിച്ചെടുക്കുകയെന്ന നയമാണ് സിപിഎം ഇവിടെ സ്വീകരിക്കുന്ന അടവു നയം. പാര്‍ടി മുഖ്യമന്ത്രിമാരായ നൃപന്‍ ചക്രവര്‍ത്തി, ദശരദ് ദേവ് സിങ്, മണിക്ക് സര്‍ക്കാര്‍ എന്നിവരാണ് ഏറെക്കാലമായി ത്രിപുര ഭരിച്ചിരുന്നത്.
ബംഗാളിനു സമാനമായി കാല്‍നൂറ്റാണ്ടോളം തുടര്‍ഭരണം നടത്തിയ സംസ്ഥാനം ഇപ്പോള്‍ ബിജെപിയുടെ കസ്റ്റഡിയിലാണ്. വികസന മുദ്രാവാക്യങ്ങളുയര്‍ത്തുകയും ആദിവാസി ജനതയെ ഒപ്പം നിര്‍ത്തുകയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയും ചെയ്താണ് കഴിഞ്ഞ തവണ ബിജെപി നേട്ടം കൊയ്തതെങ്കില്‍ ഇക്കുറി അതു ഏശില്ലെന്നാണ് സിപിഎം കരുതുന്നത്. അതിശക്തമായ ഭരണവിരുദ്ധവികാരം അഞ്ചുവര്‍ഷം ഭരിച്ച ബിജെപിക്കെതിരെയുണ്ടെന്നാണ് പാര്‍ടി നേതൃത്വം കണക്കുകൂട്ടുന്നത്. പാതിവഴിയില്‍ മുഖ്യമന്ത്രിയ മാറ്റി ബിജെപി മുഖം മിനുക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഇക്കുറി ഏശില്ലെന്നാണ് സിപിഎം കണക്കുകൂട്ടല്‍. വെറും ഒന്നര ശതമാനം വോട് മാത്രമേ കോണ്‍ഗ്രസിനുള്ളൂവെങ്കിലും പല മണ്ഡലങ്ങളിലെയും ജയപരാജയം നിര്‍ണയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് സിപിഎം വിശ്വസിക്കുന്നത്.
എന്നാല്‍ പരമ്പരാഗത വൈരികളെ കൂടെ നിര്‍ത്തി വോട് ചോദിക്കുമ്പോള്‍ പാര്‍ടി അണികള്‍ എങ്ങനെയത് സ്വീകരിക്കുമെന്ന ആശങ്കയും പാര്‍ടിക്കുണ്ട്. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശയഗതിക്കാരുമായി സഖ്യമാവാമെന്ന പാര്‍ടി സ്ഥാപക നേതാവായ എസ് എ ഡാങ്കെയുടെ പഴയ തീസിസാണ് ത്രിപുരയില്‍ സിപിഎം പരീക്ഷിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവടക്കമുളള നേതാക്കള്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നായിരുന്നു ഡാങ്കെയുടെ ലൈന്‍. എന്നാല്‍ ഇതിനെ പാര്‍ടിയിലെ മറ്റു നേതാക്കള്‍ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുകയാണ് ചെയ്തത്. സുന്ദരയ്യ, ബിടിആര്‍, ബസുവ പുന്നയ്യ, ഇഎംഎസ്, രാമമൂര്‍ത്തി തുടങ്ങിയ നേതാക്കളൊക്കെ ഡാങ്കെ ലൈനിനെതിരെ ഉള്‍പാര്‍ടി സമരത്തിന് നേതൃത്വം നല്‍കിയവരാണ്. ഇന്‍ഡ്യയെ കോണ്‍ഗ്രസില്‍ നിന്നും മോചിപ്പിക്കുകയെന്ന സെക്ടേറിയന്‍ ലൈനായിരുന്നു അന്ന് പാര്‍ടിയുടെത്.
സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുത്തു ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തുമെന്ന് അവര്‍ വിശ്വസിച്ചു. ബിടിആര്‍ നേതൃത്വം നല്‍കിയ തെലങ്കാന തീസിസ് പരാജയപ്പെടുകയും കോണ്‍ഗ്രസിന്റെ പിടി ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അയഞ്ഞുപോവുകയും ചെയ്ത സാഹചര്യത്തില്‍ സിപിഎമിന് നേരിടേണ്ടിവന്നത് അതിനെക്കാള്‍ വലിയ ബിജെപിയെന്ന എതിരാളിയെയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും ബിജെപിയും മുഖ്യശത്രുവെന്ന നയം മാറ്റി ബിജെപിയെ തോല്‍പിക്കാന്‍ ആരുമായി കൂട്ടുകൂടാമെന്ന ലൈനിലേക്ക് എത്തിയത്. അതിനു കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണമാവാമെന്ന അടവുനയം സ്വീകരിക്കാനും നിര്‍ബന്ധിതരായി. എസ്എ ഡാങ്കേയെ പാര്‍ടി തളളിപറഞ്ഞതും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നയം സ്വീകരിച്ചതിനാണെന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ ചരിത്രത്തിലെ വൈരുദ്ധ്യങ്ങളിലൊന്നായി ഇപ്പോള്‍ മുഴച്ചു നില്‍ക്കുകയാണ്.
കേരളത്തില്‍ തങ്ങളുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നതില്‍ കേരളത്തിലെ നേതൃത്വം പോലും എതിര്‍പ്പ് പ്രകടിപ്പിക്കാത്തത് സീതാറാം യെച്ച്യൂരിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ടെങ്കിലും പരീക്ഷണം പാളിയാല്‍ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ യെച്ച്യൂരിക്കെതിരെ പാര്‍ടിക്കുളളില്‍ നിന്നു പോലും ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിപിഎമുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല, കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന അമിത് ഷായുടെ ലക്ഷ്യത്തെ ത്രിപുരയില്‍ സിപിഎമിന്റെ കൊടിക്കുകീഴില്‍ നിന്നും കരഗതമാക്കുന്ന സീറ്റുകള്‍ കൊണ്ടു പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഹൈകമാന്‍ഡിനുളളത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Election, Politics, Political-News, CPM, Congress, Tripura, CPM-Congress tie up in Tripura.
< !- START disable copy paste -->