മലപ്പുറം: (www.kvartha.com) സിനിമയെ പ്രശംസിച്ച് നവമാധ്യമത്തില്‍ കുറിപ്പിട്ട സിപിഐ നേതാവിന് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ 'മാളികപ്പുറം' സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് ഫേസ്ബുകില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി പ്രഗിലേഷിനെതിരെയാണ് സൈബര്‍ ആക്രമണം.
സിനിമ കണ്ടിറങ്ങിയശേഷം വെള്ളിയാഴ്ചയാണ് സിപിഐ പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രടറിയുമായ പ്രഗിലേഷ് കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സിപിഎം അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സിപിഎം അനുഭാവികളും സിപിഐ അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു.
പിന്നാലെ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗന്‍ഡ് എന്ന കടയ്ക്ക് നേരെ ആക്രമണവുമുണ്ടായെന്നും പരാതിയുണ്ട്. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പെട്ടതെന്ന് പെരുമ്പടപ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക് മാധ്യമ കൂട്ടായ്മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടു.
Keywords: News,Kerala,State,Entertainment,Controversy,Cyber Crime,Complaint,CPI, Facebook, Facebook Post,Top-Headlines, CPI Leader praises Malikappuram movie leads to cyber attack