Chief Minister | ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലൂടെ സാമൂഹ്യ ഇടപെടല്‍ കൂടി നടത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com) ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയിലൂടെ സമൂഹത്തിന് ആവശ്യമായ ഇടപെടലുകള്‍ കൂടി നടത്താന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്രീയ ചിന്ത ശക്തിപ്പെട്ടുവെന്ന് നാം കരുതുമ്പോഴും നമുക്ക് എല്ലാവര്‍ക്കും അപമാനമുണ്ടാക്കുന്ന രീതിയില്‍ നരബലിയടക്കമുള്ള അധമവൃത്തികള്‍ ഇവിടെ നടക്കുകയാണ്. അതിനെല്ലാം പിന്നിലുള്ളത് കടുത്ത അന്ധവിശ്വാസവും അനാചാരവും ഒപ്പം വലിയ അത്യാര്‍ത്തിയുമാണ്. ഇത്തരം കാര്യങ്ങള്‍ക്കെതിരായ ബോധവത്കരണം സംഘടിപ്പിക്കാന്‍ കഴിയണം.

Chief Minister | ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലൂടെ സാമൂഹ്യ ഇടപെടല്‍ കൂടി നടത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

പൊതു ഇടങ്ങള്‍ വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഹിറ്റ്ലറുടെ പട എല്ലാ വിജ്ഞാനശേഖരവും നശിപ്പിക്കാന്‍ ശ്രമിച്ചതുപോലെ നമ്മുടെ നാട്ടിലും വായനശാലകള്‍ ആക്രമിക്കപ്പെട്ടു. വിജ്ഞാനത്തെ എതിര്‍ക്കുന്ന ശക്തികള്‍ എപ്പോഴുമുണ്ടാവും. വിജ്ഞാന പ്രസാരണത്തെ എതിര്‍ക്കുന്ന ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കണം.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിടീഷ് സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും നാടുവാഴിത്തത്തിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പണ്ട് നമ്മുടെ നാട്ടില്‍ വായനശാലകളും ലൈബ്രറികളും സ്ഥാപിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിച്ചു.

കണ്ണൂര്‍ താഴെ ചൊവ്വയിലെ 'തൊഴിലാളി ലൈബ്രറി' സ്ഥാപിച്ചത് ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന എകെജിയുടെ നേതൃത്വത്തിലായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടത് 1937ലാണെങ്കില്‍ അതിനും അഞ്ച് വര്‍ഷം മുമ്പ് 1932ലാണ് 'തൊഴിലാളി ലൈബറ്രി' സ്ഥാപിക്കപ്പെട്ടത്.

ലൈബ്രറികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ അത് സ്ഥാപിച്ച് ഒരു വാര്‍ഡിന് ഒരു ലൈബ്രറി യാഥാര്‍ഥ്യമാക്കണം. പക്ഷേ, വായനശാലയില്‍ കുറച്ച് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും വര്‍ത്തമാന പത്രങ്ങളും ഇട്ടാല്‍ കടമ പൂര്‍ത്തിയായി എന്ന് കരുതരുത്. പഴയ കാലത്ത് ലൈബ്രറികളിലെ ചര്‍ചാ ക്ലാസുകളിലൂടെ സമൂഹത്തിന് വേണ്ട ഒരു പാട് വിഷയങ്ങള്‍ ചര്‍ച ചെയ്യുമായിരുന്നു.

ഇന്ന് അത്തരം ഒരുപാട് വിഷയങ്ങള്‍ ചര്‍ച ചെയ്യേണ്ട കാലമാണ്. പക്ഷേ അത്തരം ചര്‍ചകള്‍ വേണ്ടത്ര നടത്താനും ഇടപെടാനും നമുക്ക് കഴിയുന്നില്ല. ഓരോ സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്ക് വേണ്ടത്ര ധാരണ ഇല്ലാത്തതു കൊണ്ടാണിത് എന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ലൈബ്രറികളിലൂടെ രൂപപ്പെട്ടുവരുന്ന ഒട്ടേറെ പ്രാദേശിക കൂട്ടായ്മകളുണ്ട്.

നാട്ടിലെ ചെറിയ ലൈബ്രറികള്‍ക്ക് പോലും ഒരു പാട് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വായനക്ക് പുറമെ നാടിന് വേണ്ട, വയോജന സംരംക്ഷണം, രോഗീ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം ഇടപെടാന്‍ ഇത്തരം കൂട്ടായ്മകളിലൂടെ സാധിക്കും. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. അത്തരത്തിലുള്ള വായനശാലകളും ലൈബ്രറികളും നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Chief Minister says social interaction can also be done by establishing libraries, Kannur, News, Chief Minister, Pinarayi-Vijayan, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia