Adani Loses | ഹിൻഡൻബർഗ് റിപ്പോർട്ട്: ഗൗതം അദാനി സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; 3 ദിവസം കൊണ്ട് 1.44 ലക്ഷം കോടി നഷ്ടം; ഗ്രൂപ്പിന്‍റെ ഓഹരികള്‍ കൂപ്പുകുത്തി
Jan 27, 2023, 16:35 IST
ന്യൂഡെൽഹി: (www.kvartha.com) അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗൗതം അദാനിയുടെ കമ്പനിയുടെ ഓഹരികളിൽ തുടർച്ചയായ ഇടിവ്. ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി നിക്ഷേപകർക്ക് മാത്രമല്ല ഗൗതം അദാനിക്കും വൻ നഷ്ടമാണ് സംഭവിക്കുന്നത്. ഓഹരിയിലുണ്ടായ ഇടിവ് മൂലം അദാനിയുടെ ആസ്തി ദുർബലമായി.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെള്ളിയാഴ്ച അദാനി പോർട്‌സ് ഓഹരികൾ 24 ശതമാനവും അദാനി ട്രാൻസ്മിഷൻ ഓഹരികൾ 20 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അദാനിയുടെ ആസ്തി 10 ശതമാനമാണ് കുറഞ്ഞത്.
മൂന്ന് ദിവസം കൊണ്ട് 1.44 ലക്ഷം കോടി നഷ്ടം
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 1.44 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് അദാനി നേരിട്ടത്. അദാനിയുടെ കമ്പനികളുടെ വിപണി മൂലധനവും കുറഞ്ഞു, ഇതുമൂലം നിക്ഷേപകർക്ക് 2.75 ലക്ഷം കോടിയിലധികം നഷ്ടമുണ്ടായി. ജനുവരി 25ന് 9.20 ലക്ഷം കോടി രൂപയായിരുന്ന അദാനിയുടെ ആസ്തി വെള്ളിയാഴ്ച 7.76 ലക്ഷം കോടിയായി കുറഞ്ഞു.
റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
ഹിൻഡൻബർഗ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ ഏഴ് പ്രമുഖ ലിസ്റ്റഡ് കമ്പനികൾക്കും ഉയർന്ന കടബാധ്യതയുണ്ടെന്ന് പറയുന്നു. കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നൽകാൻ 21 ചോദ്യങ്ങളും ഹിൻഡൻബർഗ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിൻഡൻബർഗ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഓഹരിയിലുണ്ടായ ഇടിവിനെ തുടർന്ന് ഹിൻഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം അദാനി ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്.
Keywords: News,National,India,New Delhi,Business Man,Top-Headlines,Latest-News, Adani loses spot on world’s top five billionaire list as net worth dips
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.