Golden Cup | കലോത്സവ വിജയികളെ കാത്തിരിക്കുന്നത് 117.5 പവന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത കപ്പ്; ആദ്യമായി ആശയം മുന്നോട്ടുവച്ചത് വൈലോപ്പിള്ളി; ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

 


കോഴിക്കോട്: (www.kvartha.com) സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ളതാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ്. ഓരോ ജില്ലയും അത് സ്വന്തമാക്കാന്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവക്കുന്നത്. കലോത്സവത്തിന് സ്വര്‍ണ്ണക്കപ്പ് എന്ന ആശയം ആദ്യമായി അവതരിപ്പച്ചത് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. 1985ല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന കലോത്സവത്തില്‍ ജഡ്ജായി വന്ന വൈലോപ്പിള്ളി, തൊട്ടടുത്തെ മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ക്ക് നല്‍കുന്ന നെഹ്റു സ്വര്‍ണ്ണക്കപ്പിനെ കുറിച്ച് കേട്ടു. കലോത്സവ ചാമ്പ്യന്മാര്‍ക്കും അങ്ങനെയൊരു കപ്പ് ലഭിക്കണമെന്ന നിര്‍ദേശം അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന് മുമ്പില്‍ വെച്ചു.
              
Golden Cup | കലോത്സവ വിജയികളെ കാത്തിരിക്കുന്നത് 117.5 പവന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത കപ്പ്; ആദ്യമായി ആശയം മുന്നോട്ടുവച്ചത് വൈലോപ്പിള്ളി; ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

വൈലോപ്പിള്ളിയുടെ ആശയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി എം ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം ആ വാഗ്ദാനം നടപ്പിലാക്കാനായില്ല. തുടര്‍ന്ന്, 1987ല്‍ കോഴിക്കോട് വെച്ച നടന്ന 27-ാമത് യുവജനോത്സവത്തില്‍ വെച്ച് 107 പവന്‍ തൂക്കത്തിലുള്ള സ്വര്‍ണ്ണക്കപ്പ് നല്‍കി. പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ 'വിദ്യാരംഗ'ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പിന്റെ രൂപകല്‍പ്പന ചെയ്തത്.

പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടിവിആര്‍ നാഗാസ് വര്‍ക്സിനെയായിരുന്നു അതിനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചിലവായത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 1987ല്‍ കോഴിക്കോട് വെച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി.

2008 വരെ ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009-ല്‍ ഹയര്‍സെക്കന്ററി കലോത്സവം കൂടെ ഒരുമിച്ച് നടന്നു. ഇതോടെ 2009-ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യു ജില്ലക്കാണ് നല്‍കുന്നത്. കോവിഡിന് മുമ്പ് 2020ല്‍ കാഞ്ഞങ്ങാട് നടന്ന കലോത്സവത്തില്‍ ഒന്നാമതെത്തിയ പാലക്കാടാണ് ഏറ്റവും ഒടുവില്‍ സ്വര്‍ണക്കപ്പ് ഉയര്‍ത്തിയത്.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Kerala-School-Kalolsavam, Competition, School, Winner, About Golden Cup in Kerala School Kalolsavam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia