Youth died | നിയന്ത്രണം വിട്ട കാര്‍ മറുവശത്തുള്ള ബൈകില്‍ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു; അറ്റുതൂങ്ങിയ കൈകാലുകളുമായി ആംബുലന്‍സിനായി റോഡില്‍ കിടന്നത് ഏറെനേരം; ഒടുവില്‍ കൊണ്ടുപോയത് ജീപില്‍

 


കണ്ണൂര്‍: (www.kvartha.com) ഇരിട്ടി - കൂട്ടുപുഴ കെ എസ് ടി പി റോഡില്‍ കുന്നോത്ത് മൂസാന്‍ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തില്‍ ബൈക് യാത്രികനായ യുവാവ് ദാരുണമായി മരിച്ചു. പെരിങ്കിരി സ്വദേശി പേമലയില്‍ അമല്‍ മാത്യു (26) വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും മൈസൂറിലേക്ക് പോവുകയായിരുന്ന കാറും കുന്നോത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
                 
Youth died | നിയന്ത്രണം വിട്ട കാര്‍ മറുവശത്തുള്ള ബൈകില്‍ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു; അറ്റുതൂങ്ങിയ കൈകാലുകളുമായി ആംബുലന്‍സിനായി റോഡില്‍ കിടന്നത് ഏറെനേരം; ഒടുവില്‍ കൊണ്ടുപോയത് ജീപില്‍

നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ എതിര്‍വശത്ത് എത്തിയാണ് ബൈകില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക് റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റികളില്‍ ഇടിച്ച് പൂര്‍ണമായും തകര്‍ന്ന് നിന്നെങ്കിലും ബൈക് ഓടിച്ച അമല്‍ മാത്യു റോഡിന് പുറത്തേക്ക് തെറിച്ച് നാലുമീറ്റര്‍ താഴ്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മതില്‍ കെട്ടിന് താഴെയുള്ള കുഴിയില്‍ നിന്നും വളരെ സാഹസപ്പെട്ടാണ് അമലിനെ പുറത്തെടുത്തത്.

തലയ്ക്കും കൈക്കും കാലിനും സാരമായി പരുക്കേറ്റിരുന്നു. അറ്റുതൂങ്ങിയ കൈകാലുകളുമായി മറ്റൊരു വണ്ടിയില്‍ കയറ്റാന്‍ പ്രയാസമായതിനാല്‍ ആംബുലന്‍സിനായി അരമണിക്കൂറിലധികം കാത്തുനിന്ന് അമലിനെ റോഡരികില്‍ കിടത്തി. എന്നിട്ടും ആംബുലന്‍സ് ലഭിക്കാതായതോടെ അതുവഴി വന്ന ഗുഡ്സ് ജീപില്‍ കയറ്റിയാണ് ഇരിട്ടിയിലെ അമല ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും കണ്ണൂര്‍ ചാലയിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഇടിച്ച കാര്‍ അപകട സ്ഥലത്തു നിന്നും 20 മീറ്ററോളം മാറിയാണ് നിന്നത്. കണ്ണൂരില്‍ സൗന്‍ഡ് എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു അമല്‍ മാത്യു. പെരിങ്കരിയിലെ പേമലയില്‍ മാത്യു- ലില്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിയ, ലിന. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് പെരിങ്കരി സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ നടത്തി. നൂറുകണക്കിനാളുകള്‍ അന്തിമോപചാര ചടങ്ങുകളില്‍ പങ്കെടുത്തു. സംഭവത്തില്‍ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Died, Obituary, Youth died in bike-car collision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia