ഇടുക്കി: (www.kvartha.com) സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിച്ചത് ചാകരയാക്കി തമിഴ്‌നാട് ലോബികള്‍. തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ പാല്‍ കേരളത്തില്‍ എത്തുന്നത്. തമിഴ്നാട്ടില്‍ സര്‍കാര്‍ വില കുറച്ചതു മൂലം കൂടുതല്‍ ലാഭത്തിനു വേണ്ടി അവിടുത്തെ സ്വകാര്യ പാല്‍ കംപനികള്‍ ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ വിപണിയാണ്. കേരളത്തില്‍ പാലിന് ലിറ്ററിന് 56 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ തമിഴ്‌നാട് മൂന്ന് രൂപ കുറച്ചിരുന്നു. ഒരു ലിറ്റര്‍ പാലിന് തമിഴ്‌നാട്ടില്‍ 40 രൂപയാണ്.
പാലിന് പുറമെ പാല്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതും നേട്ടമാകുന്നത് തമിഴ്‌നാട് ലോബിക്കാണ്. കൂടാതെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ കവര്‍ പാലുകളും സുലഭമായിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങള്‍ കൊണ്ടുവരുന്ന പാലിന്റെ വിപണനം കേരളത്തില്‍ പൊടിപൊടിക്കുകയാണ്.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാല്‍ വര്‍ഷങ്ങളായി അതിര്‍ത്തി കടന്ന് എത്തിയിരുന്നു. ഇങ്ങനെ എത്തിക്കുന്ന പാല്‍ ക്ഷീരോല്‍പാദക സംഘങ്ങള്‍ വഴി വില്പന നടത്തിയിരുന്നത് മില്‍മ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പുറ്റടി, കുമളി എന്നിവിടങ്ങളിലെ സൊസൈറ്റികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
എന്നാല്‍ പാല്‍ വില വര്‍ധിച്ചതോടെ ഇത്തരത്തില്‍ കൂടുതല്‍ പാല്‍ സൊസൈറ്റികളില്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെങ്കിലും പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പാലില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോര്‍മാലിന്‍ ഉള്‍പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനവുമില്ല. പാല്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഫോര്‍മാലിന്‍ എന്ന മാരകമായ രാസവസ്തു ചേര്‍ക്കുന്നത്. കൃത്രിമപാല്‍ നിര്‍മിക്കുമ്പോള്‍ കൊഴുപ്പു കൂട്ടുന്നതിന് പഞ്ചസാരയും അമ്ലാംശം കുറക്കുന്നതിന് അലക്കുകാരവും ചേര്‍ക്കാറുണ്ടെന്നും റിപോര്‍ടുണ്ട്.
സ്വന്തമായി ഫാം ഹൗസുകളോ, പാല്‍ സംഭരണ കേന്ദ്രങ്ങളോ പാല്‍ വില്‍പന നടത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കുമില്ലെന്നതാണ് വസ്തുത. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കവര്‍ പാലുകളുടെ ഉറവിടമോ ഗുണനിലവാരമോ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പോ അനുബന്ധ അധികൃതരോ തയാറാകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.
രാസവസ്തുക്കളില്‍ പാല്‍പ്പൊടി കലര്‍ത്തി കവറുകളില്‍ എത്തിക്കുന്ന അന്യസംസ്ഥാന പാലുകളുടെ ഗുണനിലവാര യോഗ്യതകളും ഉല്‍പന്ന രീതികളും മുമ്പും മാധ്യമങ്ങള്‍ നിരവധി തവണ പുറത്തുകൊണ്ടുവന്നിരുന്നു.
Keywords: When Kerala hiked milk prices by Rs 6, Tamil Nadu reduced it by Rs 3, Idukki, News, Business, Increased, Kerala.