Meeting | മന്ത്രിമാരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ചാംപനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്തി; യോഗത്തില്‍ എം എല്‍ എമാരും പങ്കെടുത്തു

 


തിരുവനന്തപുരം: (www.kvartha.com) മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു.

Meeting | മന്ത്രിമാരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ചാംപനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്തി; യോഗത്തില്‍ എം എല്‍ എമാരും പങ്കെടുത്തു

ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു. അഞ്ചാംപനിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷന്‍. അതിനാല്‍ വാക്സിനേഷന്‍ വിമുഖതയകറ്റാന്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. അഞ്ചാംപനി പ്രതിരോധത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ പറഞ്ഞു.

ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം. വാര്‍ഡ് മെമ്പര്‍മാരെ ഉള്‍പെടുത്തി വാക്സിനേഷന്‍ ത്വരിതപ്പെടുത്തും. സബ് സെന്റര്‍, വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടേണ്ടതാണ്.

മൊബൈല്‍ വാക്സിനേഷന്‍ ടീമിന്റെ സഹകരണത്തോടെ സ്‌കൂള്‍, അങ്കണവാടി തലത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിറ്റാമിന്‍ എയുടേയും വാക്സിന്റേയും ലഭ്യത ഉറപ്പ് വരുത്തണം. ജില്ലയില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതാണ്.

മലപ്പുറത്ത് അഞ്ചാംപനി റിപോര്‍ട് ചെയ്തപ്പോള്‍ തന്നെ ജില്ലയ്ക്ക് ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. കൂടാതെ മെഡികല്‍ ഓഫീസര്‍മാരുടെ യോഗത്തിലും പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസല്‍സ്, റുബല അഥവാ എംആര്‍ വാക്സിന്‍ നല്‍കുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്സിന്‍ നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടന്‍ ആദ്യ ഡോസ് എംആര്‍ വാക്സിനും പതിനാറാം മാസം കഴിഞ്ഞാലുടന്‍ രണ്ടാം ഡോസും നല്‍കണം.

എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് അഞ്ചു വയസുവരെ വാക്സിന്‍ എടുക്കാവുന്നതാണ്. ജില്ലയില്‍ മതിയായ എംആര്‍ വാക്സിനും വിറ്റാമിന്‍ എ സിറപും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സര്‍കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സിന്‍ സൗജന്യമായി ലഭ്യമാണ്.

Keywords: Under leadership of Ministers, preventive measures against measles in Malappuram district were evaluated; MLAs also participated in meeting, Thiruvananthapuram, News, Health, Health and Fitness, Health Minister, Meeting, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia