എല്ലാവരുടെയും ശോഭനമായ ഭാവിയിലേക്കാണ് യുഎഇയുടെ ശ്രദ്ധയെന്ന് ശെയ്ഖ് മുഹമ്മദ്, പ്രസിഡന്റ് എന്ന നിലയിൽ തന്റെ ആദ്യ ദേശീയ ദിന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. മനുഷ്യത്വത്തിനും അതിന്റെ വികസനത്തിനും യുഎഇ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 11 വരെയാണ് ആഘോഷ പരിപാടികൾ. സംഗീത പരിപാടികൾ, കരിമരുന്നു പ്രയോഗങ്ങൾ, ലേസർ ഷോ, വൻവില കുറവിൽ സാധനങ്ങളുടെ ഓഫർ, ഭക്ഷണമേളകൾ, കലാകായിക വിനോദങ്ങൾ എന്നിങ്ങനെ ഒട്ടേറെ പരിപാടികളാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുക.
അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടന്ന ദേശീയ ദിന പ്രദർശനം അവിസ്മരണീയമായ അനുഭവമായി. യുഎഇയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും വിളിച്ചോതി പ്രസിഡന്റ് ശെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികൾ ചടങ്ങുകൾ വീക്ഷിച്ചു. പതാക ഉയർത്തി കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു. രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകവുമായി എമിറാതി കലാകാരന്മാരുടെ 200 അംഗ സംഘത്തിന്റെ അൽ അയ്യാല നൃത്തത്തോടെ പ്രദർശനം അവസാനിച്ചു.
ദുബൈയിലെ എക്‌സ്‌പോ സിറ്റിയിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ കലാകാരന്മാരുടെ പ്രകടനം ശ്രദ്ധേയമായി. വിനോദങ്ങളും സാംസ്കാരിക പ്രകടനങ്ങളുമായി സായാഹ്നം ആസ്വദിക്കാൻ ജനക്കൂട്ടം എക്സ്പോ സിറ്റിയിലേക്ക് ഒഴുകിയെത്തി. ശാർജയിൽ കരയിലും കടലിലും ദേശീയ ദിന ആവേശം പ്രകടമായി. മാരിടൈം പരേഡിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി തൊഴിലാളികൾക്കായി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഡിസംബർ മൂന്ന് മുതൽ 11 വരെ അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വിസ്മയിപ്പിക്കുന്ന ഷോ വീണ്ടും അവതരിപ്പിക്കും. ഷോകൾക്കുള്ള ടികറ്റുകൾ ദേശീയ ദിന വെബ്‌സൈറ്റ് വഴി 200 ദിർഹം നിരക്കിൽ ലഭ്യമാണ്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം.
മലയാളി പ്രവാസികളും ഏറെ ഉത്സാഹത്തോടെയാണ് പരിപാടികളിൽ സംബന്ധിച്ചത്. വാഹനങ്ങളും സ്ഥാപനങ്ങളും അലങ്കരിച്ചും വസ്ത്രങ്ങളിൽ വ്യത്യസ്തത പുലർത്തിയും ആഘോഷങ്ങൾ അവിസ്മരണീയമാക്കി. കെഎംസിസി, ആർഎസ്‌സി, ഐഎംസിസി, ഒഐസിസി തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Keywords: UAE National Day celebrated, International,UAE,Gulf,News,Top-Headlines,Latest-News,Celebration,Abu Dhabi,President,Dubai,Festival.