Follow KVARTHA on Google news Follow Us!
ad

Ashram Fire | സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; കോടതിയില്‍ മൊഴിമാറ്റി മരിച്ച പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്ത്; ക്രൈംബ്രാഞ്ചിന് തിരിച്ചടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Crime Branch,statement,Court,Kerala
തിരുവനന്തപുരം: (www.kvartha.com) സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചെന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി മൊഴിമാറ്റം. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കുണ്ടമണ്‍കടവിലെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമത്തില്‍ തീവച്ചതെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്താണ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്.

Twist in Sandeepananda Giri Ashram Firing case, Thiruvananthapuram, News, Crime Branch, Statement, Court, Kerala, Trending

തീപിടുത്തത്തെപ്പറ്റി അറിയില്ലെന്നാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നത്. സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണെന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നീട് മാധ്യമങ്ങളോടും ആശ്രമം കത്തിച്ചതില്‍ അനുജന് പങ്കുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇത് കേസില്‍ ക്രൈംബ്രാഞ്ചിനെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് മൊഴിമാറ്റം തിരിച്ചടിയാകും. മൊഴി മാറ്റാനുള്ള സാഹചര്യം അറിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ആശ്രമം കത്തിച്ച സംഭവത്തില്‍ നാലര വര്‍ഷത്തിനു ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്. അതിനിടെയാണ് മൊഴിമാറ്റം.

2018 ഒക്ടോബര്‍ 27ന് പുലര്‍ചെ ആണ് ആശ്രമത്തില്‍ തീപിടുത്തമുണ്ടായത്. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാര്‍ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സര്‍കാര്‍ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന് അദ്ദേഹം അടക്കം ആരോപിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ ആശ്രമത്തിലെ സിസിടിവി കേടായിരുന്നതടക്കം എതിര്‍ ആരോപണങ്ങള്‍ക്കും വഴിവച്ചു. ആശ്രമം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നു പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നാലര വര്‍ഷം പൊലീസ് ഇരുട്ടില്‍ തപ്പി.

ആദ്യം സിറ്റി പൊലീസ് കമിഷണറുടെ പ്രത്യേക സംഘം അന്വേഷിച്ച് പരാജയപ്പെട്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. പലരെയും കസ്റ്റഡിയിലെടുത്തും സിസിടിവികളും മൊബൈല്‍ ടവര്‍ റെകോര്‍ഡുകളുമെല്ലാം ശേഖരിച്ചും പല വഴിക്ക് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് വലിയ നാണക്കേടായി. ഒടുവില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍കാര്‍ അനുമതി തേടുന്ന സാഹചര്യത്തിനിടെയായിരുന്നു പിടിവള്ളിയായി പ്രശാന്തിന്റെ പുതിയ മൊഴിയെത്തിയത്.

പുളിയറക്കോണം തുരുത്തുംമൂല സ്‌കൂളിനു സമീപം സഹോദരനും അമ്മയ്ക്കുമൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന പ്രകാശ് (26) ജനുവരി മൂന്നിനാണ് തൂങ്ങിമരിച്ചത്. ഇതിന്റെ തലേദിവസം പ്രകാശും സുഹൃത്തുക്കളും തമ്മില്‍ അടിപിടിയുണ്ടായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ഈ അടിപിടിയെന്നും മരണം ആത്മഹത്യയാണെന്നു പോസ്റ്റ്‌മോര്‍ടത്തില്‍ വ്യക്തമായെന്നും വിളപ്പില്‍ശാല പൊലീസ് പറയുന്നു. എന്നാല്‍ അനുജന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പ്രശാന്ത് റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

രണ്ടുമാസം മുന്‍പ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കവേയാണ് അനുജന്‍ ആശ്രമം കത്തിച്ച കാര്യം വെളിപ്പെടുത്തിയതെന്നായിരുന്നു ക്രൈംബ്രാഞ്ച് വിശദീകരണം. ആശ്രമം കത്തിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രകാശിന്റെ ജഗതിയിലുള്ള സുഹൃത്തിനെ പൊലീസ് കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലെടുത്തിരുന്നു.

അതോടെ അസ്വസ്ഥനായ അനുജന്‍ ആശ്രമം കത്തിക്കലില്‍ താനും ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ മൊഴി. അതിനുശേഷം കുറേനാള്‍ കഴിഞ്ഞായിരുന്നു ആത്മഹത്യ. ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്ന പ്രകാശിനെ പിന്നീട് മറ്റു ചില കാരണങ്ങളാല്‍ ചുമതലയില്‍നിന്നു മാറ്റിയെന്നും മൊഴിയിലുണ്ടായിരുന്നു.

Keywords: Twist in Sandeepananda Giri Ashram burning case, Thiruvananthapuram, News, Crime Branch, Statement, Court, Kerala, Trending.

Post a Comment