തലശേരി: (www.kvartha.com) ജെനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചികിത്സയില്‍ കാണിച്ച അനാസ്ഥ കാരണം മകന്റെ കൈ മുറിച്ചു കളയേണ്ടി വന്ന സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കുകയും ചികിത്സാ പിഴവിന് മതിയായ നഷ്ടപരിഹാരം സര്‍കാര്‍ നല്‍കണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തി.
തലശേരി ജെനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ ഒരു കൈ നഷ്ടപ്പെട്ട തലശേരി ചേറ്റംകുന്നില്‍ നാസ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന സുല്‍ത്വാനെന്ന 17 കാരന്‍ അധികൃതരുടെ അവഗണന കാരണം നരകയാതന അനുഭവിക്കുകയാണെന്ന് പിതാവ് അബൂബകര്‍ സിദ്ദിഖ് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ലോകകപ് ഫുട്‌ബോളിന്റെ മുന്നോടിയായുള്ള ആവേശത്തിനിടയില്‍ കൂട്ടുകാരുമായി ഫുട്ബോള്‍ കളിച്ചപ്പോഴുണ്ടായ വീഴ്ച്ചയാണ് പ്ളസ് ടു വിദ്യാര്‍ഥിയായ മകന്റെ ഭാവി ഇരുളടഞ്ഞതാക്കിയത്. വീണ് പരുക്കേറ്റ ഉടന്‍ തന്നെ ഉമ്മയും ബന്ധുക്കളും തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും 11 ദിവസത്തോളം തലശേരി ജെനറല്‍ ആശുപത്രിയിലെ ഓര്‍തോ വിഭാഗം ഡോക്ടര്‍ ബിജുമോന്‍ കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് അബൂബകര്‍ സിദ്ദിഖ് ആരോപിച്ചു.
ഒക്ടോബര്‍ 30 ന് വൈകുന്നേരമാണ് കുട്ടിക്ക് വീണ് പരുക്കേറ്റത്. എന്നാല്‍ നവംബര്‍ 11 ന് മാത്രമാണ് സുല്‍ത്വാന് ശസ്ത്രക്രിയ നടത്തുന്നത്. പിറ്റേ ദിവസം സ്ഥിതി മോശമാവുകയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ നിന്നും കുട്ടിയുടെ കൈമുട്ടിന് താഴെ നിന്നും മുറിച്ചു മാറ്റണമെന്ന് പറഞ്ഞതിനാല്‍ കോഴിക്കോട് മിംമ്സ്, കോയമ്പതൂര്‍ ഗംഗ എന്നീ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സ തേടിയെങ്കിലും അവിടങ്ങളില്‍ നിന്നും കൈക്ക് പഴുപ്പു കയറിയിട്ടുണ്ടെന്നും മുറിച്ചു മാറ്റാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് നവംബര്‍ 14 ന് കണ്ണൂര്‍ മിംമ്സ് ആശുപത്രിയില്‍വച്ച് കൈ മുറിച്ചു മാറ്റുകയായിരുന്നു.
മീന്‍ പിടുത്തതൊഴിലാളിയായ താന്‍ അന്നന്ന് ജീവിച്ച് ഉപജീവനം കഴിക്കുന്നയാളാണെന്നും രണ്ടു ലക്ഷത്തില്‍ കൂടുതല്‍ തുക ഇതിനായി ചെലവായെന്നും അബൂബകര്‍ സിദ്ദിഖ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ചികിത്സാ പിഴവുകാരണമാണ് തന്റെ മകന് കൈ നഷ്ടമായതെന്നും സര്‍കാരോ ആരോഗ്യ വകുപ്പോ യാതൊരു സഹായവും ചെയ്തില്ല. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സ്പീകറുമുള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അബൂബകര്‍ സിദ്ദിഖ് ആരോപിച്ചു.
കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ, നീതി ലഭിക്കുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്ന് അബൂബകര്‍ സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചികിത്സാ പിഴവിന് ഇരയായ സുല്‍ത്വാന്‍ ബിന്‍ സിദ്ദിഖ്, സാജിദ് കോമത്ത്, എ പി അജ്മല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News,Kerala,State,Thalassery,Health,Health & Fitness,Press meet,Student, Father,Doctor,hospital,Treatment, Treatment failure at Thalassery General Hospital; Father said that he would fight the legal battle to get justice for Sultan