തൊടുപുഴ: (www.kvartha.com) കാമുകന്‍ വിവാഹിതനാണെന്ന് മനലിലാക്കിയ കാമുകി പ്രണയത്തില്‍നിന്ന് പിന്‍മാറി. പിന്നാലെ പുഴയില്‍ ചാടിയ യുവാവിനെതിരെ പൊലീസ് ആത്മഹത്യ ശ്രമത്തിന് കേസെടുത്തു. കോലാനി സ്വദേശി ജോജോ ജോര്‍ജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തുവച്ച് പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൊലീസും അഗ്‌നിശമന സേനയും രണ്ടു മണിക്കൂര്‍ ശ്രമിച്ച് ഇയാളെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോജോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോര്‍ജ് പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ നവംബര്‍ 11 മുതല്‍ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാല്‍ ജോജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്തിരിഞ്ഞു.
വെള്ളിയാഴ്ച രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് പാലത്തില്‍ നിന്നും തൊടുപുഴയാറ്റിലേക്ക് ചാടിയത്. സംഭവം കണ്ട വഴി യാത്രക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിളിച്ച് വരുത്തി. ഈ സമയം ഒഴുക്കില്‍പെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ കയറി പിടിച്ചു കിടക്കുകയായിരുന്നു.
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല. തുടര്‍ന്ന് പാലത്തില്‍ നിന്നും കെട്ടിയ വടത്തില്‍ തൂങ്ങിയാണ് സേനാംഗങ്ങള്‍ പുഴയിലേക്കിറങ്ങിയത്. പിന്നീട് വല ഉപയോഗിച്ച് ജോജോയെ സുരക്ഷിതനായി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ നേരത്തെ നെടുങ്കണ്ടത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Idukki,Local-News,Suicide,Suicide Attempt, Police,Youth, Case, Thodupuzha: Suicide Attempt By Youth