ലക്‌നൗ: (www.kvartha.com) എസ് ബി ഐയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നു. 10 അടി നീളമുള്ള തുരങ്കമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ബാങ്കിനകത്ത് പ്രവേശിച്ചത്. കാണ്‍പൂരിലെ ഭാനോടി ശാഖയില്‍ വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്.
നാല് അടി വീതിയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബാങ്കിലേക്ക് തുരങ്കം നിര്‍മിച്ചത്. സ്‌ട്രോങ് റൂമില്‍ കടന്ന മോഷ്ടാക്കള്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തകര്‍ത്താണ് മോഷണം നടത്തിയത്. എന്നാല്‍, ബാങ്കില്‍ സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ ഇവര്‍ക്ക് മോഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.
പൊലീസും ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്കിലേക്കുള്ള തുരങ്കം കണ്ടെത്തിയത്. ബാങ്കിലുള്ള ആരുടെയെങ്കിലും അറിവോടെയാണോ കവര്‍ച നടന്നതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ചില പ്രാഥമിക സൂചനകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വായ്പക്കായി പണയംവെച്ച 29 പേരുടെ സ്വര്‍ണമാണ് നഷ്ടമായതെന്ന് ബാങ്ക് മാനേജര്‍ നീരജ് റായ് പറഞ്ഞു.
Keywords: Thieves dig 10-feet-long tunnel to bank strongroom, decamp with 1.8 kg gold in Kanpur, News, Robbery, SBI, Police, Gold, Probe, National.