ഇടുക്കി: (www.kvartha.com) കൊല്ലം കിഴക്കുംഭാഗം കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ആട് തട്ടിപ്പിന് നീക്കം നടത്തുന്ന സംഘത്തിന്റെ ആദ്യ തട്ടിപ്പ് പതിനെട്ട് വര്‍ഷം മുമ്പ് കട്ടപ്പന കേന്ദ്രീകരിച്ചെന്ന് പൊലീസ്. കുറ്റിമുല്ല കൃഷിയിലൂടെ വീട്ടമ്മമാര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ നൂറ് കണക്കിന് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങളുമായി മുങ്ങിയത്. കട്ടപ്പന ഗവണ്‍മെന്റ് കോളജിന് സമീപത്ത് ഓഫീസും സംഘത്തിനുണ്ടായിരുന്നു. ഇവിടെയും ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.
ഒരു കിലോ മുല്ലപ്പൂവിന് 350 രൂപ മുതല്‍ അയ്യായിരം രൂപ വരെ വില ലഭിക്കുമെന്നും സൊസൈറ്റി ജാസ്മിന്‍ ഓയില്‍ ഫാക്ടറി ആരംഭിച്ച് പൂക്കള്‍ ശേഖരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു ആളുകളെ വലയിലാക്കിയത്. പ്രാദേശികമായുള്ള ചിലരെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചായിരുന്നു ഇരകളെ കണ്ടെത്തിയിരുന്നത്. ജില്ലയിലെ വിവിധ പഞ്ചായതുകളില്‍ ജെഎല്‍ജി ഗ്രൂപുകള്‍ രൂപീകരിച്ചായിരുന്നു തട്ടിപ്പ്.
ജെഎല്‍ജി ഗ്രൂപില്‍ അംഗമാകാന്‍ 1500 രൂപയും പിന്നീട് കൃഷിക്ക് ആവശ്യമായ മുല്ലച്ചെടികള്‍ നല്കുന്നതിനായി 15,000 രൂപയും ഇവര്‍ വാങ്ങി. കൃഷിക്ക് എടുക്കുന്ന തുകയ്ക്ക് സര്‍കാര്‍ സബ്‌സിഡി ലഭിക്കുമെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. തമിഴനാട്ടിലെ രാമേശ്വരത്തു നിന്നും 40 പൈസ നിരക്കില്‍ എത്തിച്ച മുല്ല തണ്ടുകള്‍ മുളപ്പിച്ച് നല്കിയായിരുന്നു തട്ടിപ്പ്. ഇരൂന്നൂറ് മുല്ലച്ചെടികള്‍ ഒരു യൂനിറ്റ് എന്ന കണക്കിലായിരുന്നു 15,000 രൂപ വീതം സംഘം വാങ്ങിയത്. ഇത്തരത്തില്‍ അഞ്ചു മുതല്‍ പത്ത് യൂനിറ്റുകള്‍ വരെ കൃഷി ചെയ്തവരുമുണ്ട്.
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മൂല്ലപ്പൂക്കള്‍ സൊസൈറ്റി നേരിട്ട് സംഭരിച്ച് ആഴ്ചയില്‍ പൂക്കളുടെ വില നല്കുന്നതിനൊപ്പം ബാങ്ക് വായ്പയും അടയ്ക്കുമെന്നായിരുന്നു വാഗ്ദാനം. സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മുല്ലപ്പൂവില്‍ നിന്ന് ഓയില്‍ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങി അതിലെ ലാഭ വിഹിതം അംഗങ്ങള്‍ക്ക് വീതിച്ച് നല്കുമെന്നും പറഞ്ഞിരുന്നു. പലരും ഈ മോഹന സുന്ദര വാഗ്ദാനത്തില്‍ മയങ്ങിയാണ് ഗ്രൂപില്‍ ചേര്‍ന്നത്.
എന്നാല്‍ കൃഷിയിറക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ പറഞ്ഞതു പോലെ ചെടികള്‍ പുഷ്ടിക്കുകയോ ലഭിച്ച പൂക്കള്‍ സംഭരിക്കാന്‍ ആരും എത്താതാകുകയും ചെയ്തതോടെ പണം നഷ്ടപ്പെട്ടവര്‍ കട്ടപ്പനയിലെ ഓഫീസില്‍ എത്തിയപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സംഘം കടന്ന് കളഞ്ഞ കാര്യം അറിയുന്നത്. തട്ടിപ്പിനിരയായ കര്‍ഷകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയെങ്കിലും കേസ് രെജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ തുടര്‍ നടപടികളുണ്ടായില്ല.
ഇവരുടെ നേതൃത്വത്തില്‍ സമാന രീതിയില്‍ ചേര്‍ത്തല, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചും കുറ്റിമുല്ല കൃഷിയുടെ പേരില്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ചതായാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത് എന്നതിനാല്‍ ഇവരെ കുറിച്ച് ഇരകളാക്കപ്പെടുന്നവര്‍ക്ക് വ്യക്തമായ വിവരങ്ങളുമില്ല.
ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രാദേശിക നേതാക്കള്‍ ചമഞ്ഞാണ് ഇവര്‍ എത്തുന്നതെന്നാണ് വിവരം. ഈ പാര്‍ടികളുടെ അവിടുത്തെ നേതാക്കന്മാരെ സ്വാധീനിച്ചാണ് സംഘം മേഖലയില്‍ ചുവടുറപ്പിക്കുന്നത്. നേതാക്കളുടെ സഹായത്താലാണ് സംഘങ്ങള്‍ രൂപീകരിക്കുന്നതും ആളുകളെ വലയിലാക്കുന്നതും.
Keywords: 'The first fraud of group, which is taking action for goat fraud under guise of a charitable trust, 18 years ago Says police, Idukki, Cheating, Police, Women, Business, Complaint, Kerala.