തിരുവനന്തപുരം: (www.kvartha.com) പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാനേതാക്കളെ സംരക്ഷിച്ച് സിപിഎം ജില്ലാ നേതൃത്വം. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രടറിയും മദ്യലഹരിയിലാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ജില്ലാ കമിറ്റി പിരിച്ചുവിടാന്‍ സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് അവഗണിക്കുകയാണ് ജില്ലാ നേതൃത്വം ചെയ്തത്.
സംസ്ഥാന സെക്രടറി പങ്കെടുത്ത എസ്എഫ്‌ഐ ജില്ലാ ഫ്രാക്ഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജില്ലാ സെക്രടേറിയറ്റിലെ പ്രമുഖന്റെ സംരക്ഷണമുള്ളതിനാലാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തതെന്നാണു പാര്‍ടിയിലെ ആരോപണം.
ദത്തുവിവാദം, കത്തുവിവാദം, വിദ്യാര്‍ഥി യുവജന സംഘടനാ നേതാക്കള്‍ക്കെതിരായ ലഹരി, പീഡന ആരോപണങ്ങള്‍ തുടങ്ങി തിരുവനന്തപുരത്തെ സിപിഎമില്‍ തൊടുന്നതെല്ലാം പിഴയ്ക്കുന്ന സ്ഥിതിയാണ്. ഇത്ര നാളത്തെ പാര്‍ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണു തിരുവനന്തപുരത്തെ പാര്‍ടിയില്‍ നിന്നു കേള്‍ക്കുന്നതെന്ന് സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദനു തുറന്നടിക്കേണ്ടിയും വന്നിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെയും സെക്രടറിയുടെയും നടപടികളില്‍ കടുത്ത രോഷത്തിലാണ് സിപിഎം സംസ്ഥാന സെക്രടറി.
അതേസമയം ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ബിയര്‍പാര്‍ലറില്‍ കയറി മദ്യപിച്ച സിപിഎം നേതാവിനെതിരായ നടപടി തീരുമാനിക്കാന്‍ നേമം ഏരിയ കമിറ്റി വെള്ളിയാഴ്ച യോഗം ചേരും. ലഹരിവിരുദ്ധ പരിപാടിക്കുശേഷം മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കളെ സംഘടന പുറത്താക്കിയിരുന്നു. ഇവരില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമിറ്റിയംഗമായ ജെ ജെ അഭിജിത് സിപിഎം നേമം ഏരിയ കമിറ്റിയംഗവുമാണ്. ഇദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടാകും.
ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ പങ്കെടുക്കുന്ന ഏരിയ കമിറ്റി യോഗം ഉച്ചകഴിഞ്ഞ് നടക്കും. ജില്ലയിലെ പാര്‍ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ ജനുവരി ഏഴ്, എട്ട് തീയതികളില്‍ ജില്ലാ കമിറ്റി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: SFI Thiruvananthapuram District committee has not yet dispersed, even after MV Govindan's intervention, Thiruvananthapuram, News, Politics, SFI, Leaders, Kerala.