Saji Cheriyan | പുതുവര്‍ഷത്തില്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു, സത്യപ്രതിജ്ഞ ജനുവരി 4 ന്

 


തിരുവനന്തപുരം: (www.kvartha.com) ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍, പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യുമെന്നും വകുപ്പുകള്‍ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

Saji Cheriyan | പുതുവര്‍ഷത്തില്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു, സത്യപ്രതിജ്ഞ ജനുവരി 4 ന്

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രടേറിയറ്റ് പച്ചക്കൊടി കാട്ടി. ഈ വര്‍ഷം ജൂലൈ ആറിനാണ് സജി ചെറിയാന്‍ രാജിവച്ചത്. തുടര്‍ന്ന് ഈ പോസ്റ്റില്‍ മറ്റാരേയും നിയമിച്ചിരുന്നില്ല. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രടേറിയറ്റ് തീരുമാനമെടുത്തതായി എംവി ഗോവിന്ദന്‍ അറിയിച്ചു.

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപോര്‍ട് പൊലീസ് അടുത്തിടെ കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപോര്‍ട്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ പറയുന്നു. പൊലീസ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ സിപിഎമില്‍ ചര്‍ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു.

അതേസമയം, പൊലീസ് റിപോര്‍ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയല്‍ ഹൈകോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സര്‍കാരിന് ഹൈകോടതി നോടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

Keywords: Saji Cheriyan to return to Cabinet, Thiruvananthapuram, News, Cabinet, Politics, Trending, Police, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia