ഭുവനേശ്വര്‍: (www.kvartha.com) ഡിസംബര്‍ 22, 25 തീയതികളില്‍ ഒഡീഷയിലെ ഒരു ഹോടെലില്‍ രണ്ട് റഷ്യന്‍ വിനോദ സഞ്ചാരികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഒഡീഷ ഡിജിപി ഉത്തരവിട്ടു. റഷ്യന്‍ പാര്‍ലമെന്റംഗവും വ്യവസായിയുമായ പാവെല്‍ ആന്റോവ് ഈ മാസം 24നും സഹയാത്രികന്‍ വ്‌ലാഡിമിര്‍ ബിഡെനോവ് 22നും റായഗഡ ജില്ലയിലെ ഹോടെലിലാണ് മരിച്ചത്.
റിപോര്‍ടുകള്‍ പ്രകാരം, ഡിസംബര്‍ 21 ന് ഒഡീഷയിലെ രായഗഡയിലുള്ള സായ് ഇന്റര്‍നാഷണല്‍ ഹോടെലില്‍ നാല് റഷ്യന്‍ വിനോദസഞ്ചാരികള്‍ എത്തി. അവരില്‍ ഒരാളായ വ്ലാഡിമിര്‍ ബിഡെനോവിനെ ഡിസംബര്‍ 22-ന് ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഡെനോവ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഡിസംബര്‍ 25-ന് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം പാവെല്‍ ആന്റോവ് ആത്മഹത്യ ചെയ്തെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.
ബിഡെനോവിനെ മുറിയില്‍ ഒഴിഞ്ഞ വീഞ്ഞുകുപ്പികള്‍ക്ക് നടുവില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആന്റോവ് മൂന്നാം നിലയില്‍നിന്ന് വീണു മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് വിവേകാനന്ദ ശര്‍മ്മ ഇരുവരുടെയും മരണം സ്ഥിരീകരിച്ച് പറഞ്ഞു.
66-ാം പിറന്നാള്‍ ആഘോഷിക്കാന്‍ മറ്റു രണ്ട് സുഹൃത്തുക്കളുമായി സന്ദര്‍ശക വീസയിലാണ് ആന്റോവ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിഡെനോവിന്റെ മരണത്തിനുശേഷം ആന്റോവ് വിഷാദരോഗാവസ്ഥയിലായിരുന്നുവെന്ന് ഹോടെല്‍ ഉടമ പറയുന്നു.
ഹോടെല്‍ ജനാലയില്‍ നിന്ന് വീണാണ് ആന്റോവ് മരിച്ചതെന്ന് കൊല്‍കത്തയിലെ റഷ്യന്‍ കൗണ്‍സില്‍ ജെനറല്‍ അലക്സി ഇടാംകിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ അന്വേഷണം സൂക്ഷ്മമായി പിന്തുടരുകയാണെന്നും ഒഡീഷ പൊലീസില്‍ നിന്ന് എല്ലാ വിവരങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,odisha,Death,Police,Enquiry,Foreigners,Top-Headlines, Russian President Putin’s critic and his friend die under mysterious circumstances in a hotel in Odisha