Book Review | ഉമ്മയ്ക്കൊരുമ്മ: ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂള

 


പുസ്തക പരിചയം 

-പി പി കരുണാകരന്‍

(www.kvartha.com) ആത്മകഥാംശമുള്ള ആഖ്യായികയാണ് കൂക്കാനം റഹ്മാന്റെ 'ഉമ്മയ്‌ക്കൊരുമ്മ'. ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയിലാണ് പലരുടെയും ജീവിതത്തിന് നിറശോഭയുണ്ടാകുന്നതെന്ന് ഈ കൃതി വ്യക്തമാക്കുന്നു. മജീദെന്ന അധ്യാപകന്റെ ജീവിതം സമകാലിക പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന രചനയാണിത്. കഥാപാത്രങ്ങളിലൂടെയും എഴുത്തുകാരന്‍ നേരിട്ടും പ്രത്യക്ഷപ്പെട്ടാണ് ഇതിലെ ആഖ്യാനം നിവര്‍വഹിച്ചിരിക്കുന്നത്.
        
Book Review | ഉമ്മയ്ക്കൊരുമ്മ: ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂള

കല്‍പിത കഥകളുടെ സമാഹാരമല്ലിത്. യഥാര്‍ഥ ജീവിതത്തിന്റെ പകര്‍ത്തെഴുത്തുമല്ല. ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ ശക്തിയും ദൗര്‍ബല്യവും ഹൃദയസ്പര്‍ശിയായി വിവരിക്കുന്ന ഈ കൃതി വായനക്കാരന് പുതിയൊരു അനുഭവമായിരിക്കും. വൈക്കം മുഹമ്മദ് ബഷീറും എസ് കെ പൊറ്റെക്കാടുമുള്‍പ്പെടെയുള്ള എഴുത്തുകാര്‍ അവരുടെ ചുറ്റുപാടുകളില്‍ നിന്നാണ് കഥയുടെ ബീജം കണ്ടെടുത്തത്. തന്റെ പൂര്‍വികരെപ്പോലെ കൂക്കാനം റഹ്മാനും സ്വജീവിത പരിസരത്തില്‍നിന്നാണ് കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും കണ്ടെത്തുന്നത്. നോവലായോ ആത്മകഥയായോ വായനക്കാരന്റെ നിര്‍വചനങ്ങള്‍ക്കനുസരിച്ച് വായിക്കാവുന്ന രചനാരീതിയാണ് എഴുത്തുകാരന്‍ ഇതില്‍ അവലംബിച്ചിട്ടുള്ളത്.

മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന കയ്‌പേറിയ അനുഭവങ്ങളും സംഭവങ്ങളും ചിത്രണം ചെയ്യാന്‍ അദ്ദേഹം ഒട്ടും മടി കാണിക്കുന്നില്ല. കരിവെള്ളൂരിലെ ദരിദ്ര മുസ്ലിം കുടുംബത്തിന്റെ കിതപ്പും കുതിപ്പും വിവരിക്കുന്നതിലൂടെ പ്രദേശത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ പശ്ചാത്തലം കൂടി പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കരിവെള്ളൂര്‍ ആര്‍ജിച്ച നേട്ടത്തിന്റെ പ്രതിരൂപമാണ് മജീദ്. കൊച്ചു കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കിത്തുടങ്ങിയ ആ ജീവിതം തൊഴിലാളി പഠിതാക്കളെ സാക്ഷരരാക്കുന്നതിലേക്ക് വളര്‍ന്നതിന്റെ കഥ കൂടിയാണ് 'ഉമ്മയ്‌ക്കൊരുമ്മ' എന്ന ആഖ്യായിക. കരിവെള്ളൂരിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച് കാസര്‍കോട്ടെ ദുര്‍ബലരും നിസ്സഹായരുമായ ജനങ്ങള്‍ക്കിടയിലേക്ക് വിളക്കും വെളിച്ചവുമായെത്തിയ മജീദ് വ്യക്തി ജീവിതത്തില്‍ അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികളും ഏറെയാണ്.
            
Book Review | ഉമ്മയ്ക്കൊരുമ്മ: ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂള

എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന മജീദ് സ്വന്തം കുടുംബത്തില്‍ നിന്നുള്ള തിരിച്ചടികളില്‍ പകച്ചു നില്‍ക്കുകയാണ്. ഓരോ പൊതുപ്രവര്‍ത്തകനും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ടെന്ന് കൂക്കാനം റഹ്മാന്‍ വിവരിക്കുന്നുണ്ട്. വ്യക്തി ജീവിതത്തിലെ ഉയര്‍ച്ചയിലുണ്ടാകുന്ന സന്തോഷവും കുടുംബ ജീവിതത്തിലെ താളപ്പിഴകളിലെ സങ്കടങ്ങളും ചേര്‍ന്നതാണ് സാമൂഹ്യ പ്രവര്‍ത്തകന്റെ ജീവിതമെന്നാണ് കൃതി സാക്ഷ്യപ്പെടുത്തുന്നത്. 41 അധ്യായങ്ങളായി വായനക്കാരുടെ മുന്നിലെത്തുന്ന ഈ കൃതി അനുഭവങ്ങളുടെ മൂശയില്‍ ഉരുകിത്തെളിഞ്ഞ കഥാ ശില്‍പമാണ്. ഉമ്മയുടെ ലാളനയും വേദനയും കാത്തുനില്‍പ്പും കരുതിവയ്പ്പും മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നോവലിസ്റ്റിനെ രൂപപ്പെടുത്തുന്നതിലും ഉമ്മയുടെ സഹനവും സമരവും കൂട്ടായി നിന്നിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികളില്‍ ആടിയുലയാതെ മുന്നോട്ട് നീങ്ങാന്‍ ഒരു കപ്പിത്താന്റെ നയചാതുരി പ്രകടിപ്പിച്ചാണ് ഉമ്മ ജീവിതമാകുന്ന കപ്പലിനെ കരകയറ്റുന്നത്. ഇതിനൊക്കെ പകരം നല്‍കാന്‍ കഴിയാത്ത വികാരവായ്പിന്റെ നേര്‍സാക്ഷ്യമാണ് ഈ നോവല്‍.

Keywords:  Article, Book, Story, Kookanam-Rahman, Ummaykkorumma, Review of Kookkanam Rahman's Ummaykkorumma.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia