മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി ആതിയ ഷെട്ടിയാണ് വധു. വിവാഹത്തിന്റെ കൃത്യമായ തീയതികള്‍ ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും, അടുത്ത വര്‍ഷം ജനുവരി 21 മുതല്‍ 23 വരെ, മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളുണ്ടാകുമെന്നാണ് സൂചന.
മുംബൈയ്ക്കടുത്ത് ഖണ്ടലയില്‍ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാനാണ് വിവാഹവേദി എന്നാണ് റിപോര്‍ട്. ഹല്‍ദി, മെഹന്ദി ഉള്‍പെടെയുള്ള ചടങ്ങുകള്‍ അടങ്ങിയ ദക്ഷിണേന്‍ഡ്യന്‍ രീതിയിലാകും വിവാഹമെന്നാണ് അറിയുന്നത്. കര്‍ണാടകയിലെ ബെംഗ്‌ളൂറു സ്വദേശിയാണ് രാഹുല്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം. ഈ മാസം തന്നെ വിവാഹ ക്ഷണക്കത്തുകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.
ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളായ ആതിയ ഷെട്ടിയും രാഹുലും ദീര്‍ഘകാലമായി പ്രണയത്തിലാണ്. മുംബൈയിലെ ബാന്ദ്രയില്‍ നിര്‍മിച്ച ആഡംബര വസതിയിലേക്ക് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇരുവരും താമസം മാറ്റിയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് രാഹുലും ആതിയയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആതിയയുടെ സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ആദ്യച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 2015ല്‍ 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് ആതിയ, ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
രോഹിത് ശര്‍മ ഇന്‍ഡ്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്‍ഡ്യയുടെ സ്ഥിരം വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. നാളെ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്‍ഡ്യയെ നയിക്കുന്നത് രാഹുലാണ്. ഐപിഎലില്‍ ലക്‌നൗ സൂപര്‍ ജയന്റ്‌സിന്റെയും നായകനും രാഹുല്‍ തന്നെ.
Keywords: News,National,India,Mumbai,Entertainment,Marriage,Sports, Reports: KL Rahul to tie knot with his girl-friend Athiya Shetty in January 2023