Follow KVARTHA on Google news Follow Us!
ad

Controversy | സദുദ്ദേശ്യത്തോടെ തമാശ രൂപത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുകഴ്ത്തലായി ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ച് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; വി മുരളീധരനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി വി അബ്ദുല്‍ വഹാബ് എം പി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Muslim-League,Controversy,Facebook Post,Kerala,
തിരുവനന്തപുരം: (www.kvartha.com) രാജ്യസഭയില്‍ ബി ജെ പിക്കാരായ കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ നടപടി വിവാദമായതോടെ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് എം പിയുടെ വിശദീകരണം.

സദുദ്ദേശ്യത്തോടെ തമാശ രൂപത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുകഴ്ത്തലായി ചില കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. കേരള സര്‍കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ഡെല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി മുരളീധരന്‍ എന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PV Abdul Wahab explains controversy, Thiruvananthapuram, News, Muslim-League, Controversy, Facebook Post, Kerala

നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് തുക വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിക്കുകയും കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വാഹാബ് കുറിച്ചു. വി മുരളീധരന്‍ ഡെല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറാണെന്നാണ് രാജ്യസഭയില്‍ ധനവിനിയോഗ ബിലില്‍ നടന്ന ചര്‍ചയില്‍ വഹാബ് അഭിപ്രായപ്പെട്ടത്.

മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വൈദഗ്ധ്യ വികസനത്തില്‍ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞു. താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാര്‍ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തില്‍ വരുമ്പോള്‍ ആവശ്യമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹം കേരള സര്‍കാരിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു.

പ്രസംഗം വിവാദമായതോടെ എം പിയുടെ നടപടിയോട് പാര്‍ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.

'കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എം പി നടത്തിയ പരാമര്‍ശത്തോട് പാര്‍ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കും', എന്നിങ്ങനെയായിരുന്നു കുറിപ്പ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് രാജ്യസഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങള്‍ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാന്‍ പ്രസംഗം തുടങ്ങിയത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചു. കേരള സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരന്‍ എന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സന്‍സദ് ആദര്‍ശ് ഗ്രാമയോജന ഉള്‍പ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് ഞാന്‍ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു.

നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.

സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിച്ചു. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.

Keywords: PV Abdul Wahab explains controversy, Thiruvananthapuram, News, Muslim-League, Controversy, Facebook Post, Kerala.

Post a Comment