പത്തനംതിട്ട: (www.kvartha.com) നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെ എന്‍ഐഎ പരിശോധനയെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയില്‍ ചോര്‍ന്നെന്ന് സംശയം. പിഎഫ്‌ഐ മുന്‍ മേഖലാ സെക്രടറി മുഹമ്മദ് റാശിദ് റെയ്ഡിന് മുന്‍പു സ്ഥലംവിട്ടതാണ് സംശയത്തിനിടയാക്കിയത്.
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിപരീതമായി ഇത്തവണ പൊലീസിനെ കൂടി അറിയിച്ചായിരുന്നു എന്‍ഐഎ പരിശോധന സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാന്‍ ഇടയാക്കിയത് എന്നാണ് സംശയം. പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ നേതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോര്‍ന്നത് ഗൗരവമായി കണ്ട എന്‍ഐഎ. വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപോര്‍ട്.
അതീവഗൗരവ സ്വഭാവമുള്ള വിവര ചോര്‍ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സിആര്‍പിഎഫിന്റെ പിന്തുണയോടു കൂടിയാണ് എന്‍ഐഎ സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങള്‍ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പൊലീസില്‍ വിവരം അറിയിച്ചു കൊണ്ട് അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് വിവര ചോര്‍ച ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ മൂന്നിടങ്ങളില്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോള്‍ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ രാവിലെ എന്‍ഐഎ സംഘം വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, മുന്‍ സംസ്ഥാന സെക്രടറി നിസാറിന്റെ വീട്ടില്‍നിന്നു ബാഗും ഫോണുകളും കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍നിന്ന് ഫോണുകളും പിടിച്ചെടുത്തതായും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. കേരളത്തില്‍ വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ പരിശോധന പുരോഗമിക്കുകയാണ്.
സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. ഡെല്‍ഹിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പിഎഫ്‌ഐക്ക് തുക ചെയ്തവരെയും അകൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്.
Keywords: News,Kerala,State,Top-Headlines,PFI,Raid,NIA, Politics,party,Police, Leaders, Pathanamthitta: NIA raid in PFI leader's residence leaked