ഭോപാല്‍: (www.kvartha.com) വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദിച്ചെന്ന് കാട്ടി പരാതി. മര്‍ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവിന്റെ സുഹൃത്ത്. സംഭവത്തില്‍ ഇരുവരേയും പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശില്‍ ബുധനാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 19കാരിക്കാണ് 24കാരന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ക്രൂരമര്‍ദനത്തിന്റെ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയും യുവാവും കൈപിടിച്ച് നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് യുവാവ് പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ടു. തൊട്ടടുത്ത നിമിഷം ദേഹമാസകലം ചവിട്ടുകയാണ്. അതിനുശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. യുവാവിന്റെ സുഹൃത്താണ് ദൃശ്യം പകര്‍ത്തിയത്. ഇത് തടയാനും യുവാവ് ശ്രമിച്ചിരുന്നു.
രണ്ടു പേര്‍ക്കെതിരെയും ഐ ടി നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയായ പങ്കജ് ത്രിപാഠിയെയും വീഡിയോ റെകോര്‍ഡ് ചെയ്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം ഒളിവിലായിരുന്ന പങ്കജ് ത്രിപാഠിയെ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാണ് പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
വീട്ടുകാരുടെ സമ്മതമില്ലാത്തതിനാലാണ് പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചത്. ഇതില്‍ പ്രകോപിതനായിരുന്നു പങ്കജ്. വഴിയരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പങ്കജ് മൗഗഞ്ച് പട്ടണത്തിലെ ധേര ഗ്രാമത്തിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി മറ്റേതോ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
Keywords: On Camera, Boyfriend Beats Madhya Pradesh Woman After She Refused To Marry', Madhya Pradesh, News, Police, Arrested, Video, Complaint, National.