തിരുവനന്തപുരം: (www.kvartha.com) എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമിനെ പിടിച്ച കുലുക്കിയ സംഭവമായിരുന്നു ഇപിയുടേത്. എന്നാല്‍ ഇത് ആദ്യമായാണ് ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരണം നടത്തുന്നത്.
അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചര്‍ച തള്ളാതെ സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി. കേരളത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ചയ്ക്ക് എത്തുമെന്ന് യെചൂരി പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സിപിഎമിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.
കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ചയായി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജന്‍ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മൈക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രടേറിയറ്റില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് 'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം' എന്നായിരുന്നു പ്രതികരണം.
Keywords: MV Govindan Says Allegation against EP Jayarajan is media fabricated, Thiruvananthapuram, News, Politics, Allegation, CPM, Controversy, Kerala.