Follow KVARTHA on Google news Follow Us!
ad

Minister MB Rajesh | മാലിന്യ സംസ്‌കരണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം, വീഴ്ച പാടില്ലെന്നും മന്ത്രി എംബി രാജേഷ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Inauguration,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) മാലിന്യ സംസ്‌കരണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും വീഴ്ച പാടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭ പൂതംകുളം മൈതാനത്ത് ടേക് എ ബ്രേക് പദ്ധതി പ്രകാരം ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Minister MB Rajesh said that collective action is needed for waste management and there should be no failure, Thiruvananthapuram, News, Inauguration, Minister, Kerala

മാലിന്യ നിര്‍മാര്‍ജനം, ശുചിത്വം എന്നിവയില്‍ കേരളത്തിന്റെ നടപടികളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.ഓരോ സംസ്ഥാനങ്ങളും നടത്തിയിട്ടുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിച്ച് വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്ക് പിഴ ഈടാക്കിയ സാഹചര്യത്തിലാണ് കേരളം അഭിമാന നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ച ദ്രവ മാലിന്യ സംസ്‌കരണത്തിലുള്ള വീഴ്ചകള്‍ പരിഹരിക്കാനായി എല്ലാ ജില്ലകളിലും രണ്ട് ദ്രവ മാലിന്യ പ്ലാന്റുകള്‍ ആരംഭിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റ് അല്ല മറിച്ച് സംസ്‌കരിക്കാത്ത മാലിന്യമാണ് നാടിന്റെ വിഷയം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ 82 ശതമാനത്തിലും കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി മാലിന്യം കൊണ്ട് മലിനമാണ് പൊതുജലാശയങ്ങളില്‍ ഏറെയും. ഇത് തുടര്‍ന്നാല്‍ ആരോഗ്യ അടിയന്തിരാവസ്ഥ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയമായ സംവിധാനം ആവശ്യമാണെന്നും അടിയന്തരമായി ഇതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റുകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യ ദ്രവ മാലിന്യ സംസ്‌കരണത്തെ ഒരു പ്രശ്‌നമല്ലാതാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹരിത കര്‍മ സേന കേരളത്തിന്റെ ശുചിത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാണ്. ഹരിത കര്‍മ സേന വഴി മാലിന്യ ശേഖരണം ശക്തിപ്പെടുത്താനാണ് സര്‍കാര്‍ തീരുമാനം.
അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി സേവനവും ജൈവ മാലിന്യത്തിന്റെ ഉറവിട സംസ്‌കരണവും കര്‍ശനമായി നടപ്പാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ജനപ്രതിനിധികള്‍ മുന്‍കൈയ്യെടുത്ത് ഇതിനുള്ള ബോധവല്‍കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതിക്കൊപ്പം യൂസര്‍ ഫീ പിരിക്കാന്‍ അനുമതി നല്‍കാനാകുമോ എന്നത് പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നാടിന്റെ നന്മയ്ക്കായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിച്ച പ്രവര്‍ത്തനങ്ങളാണ്വേണ്ടതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ടേക് എ ബ്രേക് പദ്ധതി നമ്മുടെ ശുചിത്വത്തിന്റെഭാഗമാണെന്ന് പറഞ്ഞ മന്ത്രി ഇത്തരം സംവിധാനങ്ങള്‍ ശുചിയായും വൃത്തിയായും സംരക്ഷിക്കാന്‍ കഴിയണമെന്നും അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാലത്തിന്റെ പുരോഗമനത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നഗരത്തിലുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പരിപൂര്‍ണമായും ദാരിദ്ര്യം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ അതിദരിദ്രരെ കണ്ടെത്തി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പെടെയുള്ള മേഖലകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി ജനജീവിതം സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍കാരിന്റെ പന്ത്രണ്ടിന കര്‍മ പരിപാടിയുടെ ഭാഗമായി യാത്രയ്ക്കിടെ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതവുമുള്ള എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ടേക് എ ബ്രേക്. മാര്‍കറ്റുകളിലും ഇതര പ്രധാന കേന്ദ്രങ്ങളിലും നേരത്തെ ആസൂത്രണം ചെയ്ത പോലെ ഇത്തരം കേന്ദ്രങ്ങളുടെ പൂര്‍ത്തീകരണം ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാകട്ടെ എന്നും മന്ത്രി ആശംസിച്ചു.

19.29 ലക്ഷം രൂപ ചെലവിലാണ് പൂതക്കുളം ഭാഗത്ത് ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാമത്തെ ടേക് എ ബ്രേക് പദ്ധതി പ്രകാരമുള്ള വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നഗരസഞ്ചയ ഫന്‍ഡിന്റെ 20 ലക്ഷം രൂപ ഉള്‍പെടെ ആകെ 34 ലക്ഷം രൂപ ചെലവില്‍ അഞ്ച് ഇടങ്ങളിലായാണ് ടേക് എ ബ്രേക് കേന്ദ്രങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്കായി ഫീഡിംഗ് റൂം, ഏഴ് ശുചിമുറികള്‍, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വഴിയോര കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Minister MB Rajesh said that collective action is needed for waste management and there should be no failure, Thiruvananthapuram, News, Inauguration, Minister, Kerala

ചടങ്ങില്‍ മുന്‍സിപല്‍ എന്‍ജിനീയര്‍ സി എസ് ഗീതാകുമാരി റിപോര്‍ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി, മുന്‍സിപല്‍ വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ളി, മുന്‍സിപല്‍ സെക്രടറി കെഎം മുഹമ്മദ് അനസ്, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, സുജ സഞ്ജീവ് കുമാര്‍, സിസി ശിബിന്‍, ജെയ്‌സന്‍ പാറേക്കാടന്‍,ജനപ്രതിനിധികളായ പിടി ജോര്‍ജ്, സന്തോഷ് ബോബന്‍, അല്‍ഫോന്‍സ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Minister MB Rajesh said that collective action is needed for waste management and there should be no failure, Thiruvananthapuram, News, Inauguration, Minister, Kerala.

Post a Comment