Follow KVARTHA on Google news Follow Us!
ad

Argentina | സ്വപ്നക്കുതിപ്പുമായി അര്‍ജന്റീന; കിരീടത്തിലേക്ക് ഒരു ചുവട് ദൂരം മാത്രം; നിറഞ്ഞാടി മെസിയും കൂട്ടരും

Messi leads Argentina to World Cup final in 3-0 win over Croatia, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-മുജീബുല്ല കെ വി

(www.kvartha.com) ലയണല്‍ മെസ്സിയെന്ന ഫുട്ബോള്‍ മാന്ത്രികന്റെ മാസ്മരിക പ്രകടനവുമായി അര്‍ജന്റീനയ്ക്ക് ലോകകപ്പിലേക്ക് ഇനി ഒരു ചുവട് ദൂരം മാത്രം. സൗദിക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റ് തലകുനിച്ച് ഗ്രൗണ്ട് വിട്ട അര്‍ജന്റീന, ഇനി ഫൈനലിലെ എതിരാളികളെ കാത്തിരിക്കും. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഒന്നാം സെമിഫൈനലില്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ അര്‍ജന്റീന ഫാന്‍സിനു മുന്നില്‍ നിറഞ്ഞാടിയ മെസ്സിയും കൂട്ടരും, 2018-ല്‍ ആദ്യ റൗണ്ടില്‍ ക്രൊയേഷ്യയില്‍ നിന്നേറ്റ പരാജയത്തിന് അതേ നാണയത്തില്‍ കണക്കുതീര്‍ത്തു. തീര്‍ത്തും ഏകപഷീയമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.
              
FIFA-World-Cup-2022, World Cup, World, Lionel Messi, Argentina, Sports, Article, Gulf, Qatar, Football, Football Player, Messi leads Argentina to World Cup final in 3-0 win over Croatia.

ലോകകപ്പ് സെമിയില്‍ ഗോള്‍ വഴങ്ങാതെ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണ് അര്‍ജന്റീനയുടേത്: (3-0). അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസ് രണ്ടുവട്ടം സ്‌കോര്‍ ചെയ്തപ്പോള്‍ ലയണല്‍ മെസ്സി പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. അര്‍ജന്റീനയ്ക്ക് വേണ്ടി താരത്തിന്റെ പതിനൊന്നാം ലോകകപ്പ് ഗോള്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ കണ്ടെത്താന്‍ പന്തുരുണ്ടു തുടങ്ങുമ്പോള്‍ മെസ്സിയുടെ അര്‍ജന്റീനയും ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും കരുതിതന്നെയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടമാണ് കാര്‍ഡിലെങ്കിലും, പ്രതിരോധത്തില്‍ ക്രൊയേഷ്യ ഒരു പടി മുന്നിലാണ്. എതിര്‍ പ്രതിരോധം മുറുകുമ്പോള്‍ ഗോളടിക്കാനാവാത്തതാണ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ ബ്രസീലിന്റെ പ്രശ്നമെങ്കില്‍, അര്‍ജന്റീനയ്ക്കും അതേ പ്രശ്നമുണ്ട്..

പക്ഷെ അവര്‍ക്ക് മെസ്സിയുണ്ട്. ശൂന്യതയില്‍നിന്ന് ഗോള്‍ സൃഷ്ടിക്കുന്ന, താന്‍ ഗോളടിച്ചില്ലെങ്കില്‍ അടിപ്പിക്കുന്ന, മെസ്സിയെന്ന പ്രതിഭാസം. 1930-ലെ ആദ്യ ലോകകപ്പില്‍ തന്നെ ഫൈനലില്‍ കളിച്ചവരാണ് അര്‍ജന്റീന. അക്കാലത്തെ അര്‍ജന്റീനയുടെ ബദ്ധ വൈരിയും ഫുടബോളിലെ അതികായന്മാരും ആതിഥേയരുമായ ഉറുഗ്വേയ്ക്കായിരുന്നു ആദ്യ കപ്പ് വിജയം. 1986-ലെ മറഡോണാ മാജിക്കിന് ശേഷം ചാമ്പ്യന്‍മാരാകാനായിട്ടില്ലെങ്കിലും, പിന്നീട് രണ്ടു തവണ കൂടി അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി, 1990-ലും 2014-ലും. 2014-ല്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് ജര്‍മ്മനി കൊത്തിക്കൊണ്ടുപോയ കപ്പിന് ഇനി രണ്ടു വിജയം മാത്രം അകലമെന്ന്, തനിക്ക് ഇനിയൊരവസരമില്ലെന്ന്, മെസ്സിക്കറിയാം.
   
FIFA-World-Cup-2022, World Cup, World, Lionel Messi, Argentina, Sports, Article, Gulf, Qatar, Football, Football Player, Messi leads Argentina to World Cup final in 3-0 win over Croatia.

മറുഭാഗത്ത് ലൂക്കാ മോഡ്രിച്ചും 2018-ല്‍ കിരീട ഭാഗ്യം നഷ്ടപ്പെട്ടയാളാണ്. ക്രൊയേഷ്യക്കിത് ആറാമത്തെ മാത്രം ലോകക്കപ്പ്. 1998 ല്‍ ഫ്രാന്‍സിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ മൂന്നാം സ്ഥാനം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം. മൂന്ന് തവണ ആദ്യ റൗണ്ടില്‍ പുറത്ത്. ആദ്യ റൌണ്ട് കടന്നാല്‍പ്പിന്നെ സെമിയും കടന്ന് മുന്നേറുന്ന സ്വഭാവമുണ്ട്. എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ നന്നായറിയാവുന്ന രണ്ട് ഫുട്‌ബോള്‍ അതികായന്മാര്‍ തമ്മിലുള്ള മത്സരം വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. കളിയുടെ ആദ്യ നിമിഷങ്ങളില്‍ അതുകൊണ്ടുതന്നെ ഗോള്‍ പോസ്റ്റിലേക്കുള്ള ആക്രമണങ്ങള്‍ ഉണ്ടായില്ല. തുടക്കത്തില്‍ മത്സരം മധ്യനിരയില്‍ വട്ടമിട്ടു. എന്നാല്‍ പെട്ടെന്നുതന്നെ മത്സരം ചൂടുപിടിച്ചു. ആദ്യ നീക്കങ്ങള്‍ ക്രൊയേഷ്യയുടെ ഭാഗത്തുനിന്നായിരുന്നു. ക്രമേണ അക്രമങ്ങളുടെ നിയന്ത്രണം അര്‍ജന്റീനയുടെ വരുതിയിലായി.

ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്കുള്ള ജൂലിയന്‍ അല്‍വാരസിന്റെ ഒരു മുന്നേറ്റത്തിലാണ് ആദ്യ ഗോള്‍ പിറക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്ന് ലഭിച്ച പാസുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിന്റെ ഗോള്‍മുഖത്തേക്കുള്ള മുന്നേറ്റം തടയാന്‍ മുന്നോട്ടാഞ്ഞ ഗോള്‍കീപ്പര്‍ പന്ത് തട്ടി മാറ്റാനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹത്തെ തടഞ്ഞു വീഴ്ത്തി. പെനാല്‍റ്റി യിലേക്ക് വിരല്‍ ചൂണ്ടാന്‍ റഫറിക്ക് ആലോചിക്കേണ്ടി വന്നില്ല. പെനാല്‍റ്റിയെടുത്ത മെസ്സി കിടിലന്‍ ഒരു ഷോട്ടിലൂടെ പെനാല്‍റ്റി സ്‌പെഷ്യലിസ്റ്റ് കൂടിയായ ലിവാകോവിച്ചിനെ നിസ്സഹായനാക്കി, ഗോള്‍! ലോകകപ്പിലെ ഏറ്റവും വലിയ വേദിയായ ലുസൈല്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സ്റ്റേഡിയത്തിന് ചുറ്റും ആരാധകരുടെ 'മെസ്സി, മെസ്സി, മെസ്സി' താളം മുറുകി.

ലോകകപ്പിലെ തന്റെ ഗോള്‍ സംവാദ്യം 11 ഉയര്‍ത്തിയ മെസ്സി ഇതോടെ അര്‍ജന്റീനക്കുവേണ്ടി ലോകകപ്പില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരവുമായി. ആദ്യ ഗോള്‍ വീണതോടെ വര്‍ദ്ധിത വീര്യത്തോടെ സമനില ഗോളിനായി ക്രൊയേഷ്യ ഏതാനും ആക്രമണങ്ങള്‍ നടത്തി. അര്‍ജന്റീന ഗോള്‍മുഖത്ത് അല്പമെങ്കിലും ഭീതി വിതച്ച ആ നിമിഷങ്ങള്‍ക്ക് പക്ഷേ അല്‍പായുസ്സായിരുന്നു. അഞ്ചു മിനിറ്റുകളുടെ ഇടവേളയില്‍ അര്‍ജന്റീന തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തുന്നതാണ് കണ്ടത്. മൈതാന മധ്യത്തില്‍ നിന്ന് മെസ്സിയില്‍ നിന്ന് ലഭിച്ച പാസുമായി കുതിച്ച ജൂലിയന്‍ അല്‍വാരസ് ക്രോട്ട് പ്രതിരോധത്തെ കബളിപ്പിച്ചുമുന്നേറി ഗോള്‍കീപ്പറേയും കീഴടക്കുകയായിരുന്നു. അല്‍ വാരസിന്റെ ആ ഉജ്ജ്വലമായ ഗോളില്‍സ്റ്റേഡിയം വീണ്ടും പ്രകമ്പനം കൊണ്ടു.

ഏഷ്യയിലോ യൂറോപ്പിലോ ആഫ്രിക്കന്‍ രാജ്യങ്ങളിലോ എന്നില്ലാതെ, എന്തുകൊണ്ടാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനാ ആരാധകര്‍ക്ക് മെസ്സി മിശിഹാ ആകുന്നതെന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് പിന്നീടങ്ങോട്ട് കണ്ടത്. മെസ്സിയെന്ന ആര്‍ത്തു വിളിക്കുന്ന കാണികളുടെ ആരവങ്ങള്‍ക്കൊപ്പം കണിശവും കൃത്യവുമായ ചുവടുവെപ്പുകളിലൂടെ, കുതിപ്പുകളിലൂടെ മൈതാനത്തിന്റെ എല്ലാ ഭാഗത്തും അയാള്‍ ഉണ്ടായിരുന്നു. ചടുലമായ ആക്രമണങ്ങളിലൂടെ മത്സരത്തിന്റെ ചുക്കാന്‍ തന്റെ കയ്യിലായി. മറുഭാഗത്ത്, തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ ക്രൊയേഷ്യന്‍ കളിക്കാര്‍ അങ്കലാപ്പിലായി. ജപ്പാനെയും ബ്രസീലിനെയും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പ്പിച്ചെത്തിയ ക്രൊയേഷ്യയുടെ കിടിലന്‍ ഗോള്‍കീപ്പര്‍ ലിവാകോവിന്റെ മുഖത്ത് ആ പരിഭ്രമം പ്രകടമായിരുന്നു.

കൂടുതല്‍ ഗോളുകള്‍ ഇല്ലാതെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 2 - 0 ന് ലീഡ് ചെയ്തു. തിരിച്ചടിക്കാനുള്ള നിശ്ചയവുമായാണ് രണ്ടാം പകുതിയില്‍ ക്രോട്ട് താരങ്ങള്‍ എത്തിയതെങ്കിലും, പന്ത് കൂടുതല്‍ സമയം കൈവശം വച്ചതൊഴിച്ചാല്‍, കാര്യങ്ങള്‍ അവരുടെ വരുതിയിലായില്ല.
64-മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് മോഡ്രിച്ച് എടുത്തത് മനോഹരമായിരുന്നു. പ്രതിരോധമതില്‍ തകര്‍ത്ത് പോസ്റ്റിലേക്ക് താണു പറന്ന പന്ത് പക്ഷെ, മാര്‍ട്ടിനെസ് കയ്യിലൊതുക്കി.

കളിയുടെ എഴുപത്തിയൊന്നാം മിനിറ്റില്‍ അര്‍ജന്റീന മൂന്നാം ഗോളുമടിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഗോള്‍ നേടാന്‍ മൊളീനയ്ക്ക് നല്‍കിയ മാജിക്കല്‍ പാസ്സിനെ അതിശയിപ്പിക്കുന്നതായിരുന്നു മൂന്നാം ഗോള്‍. തന്റെ ഹാഫില്‍ നിന്ന് പന്തുമായി കുതിച്ച മെസ്സിയെ വളഞ്ഞ് സെന്റര്‍ ബാക്ക് ഗ്വാര്‍ഡിയോളടക്കം ഒന്നിലധികം ഡിഫന്‍ഡര്‍മാര്‍ കൂടെയോടുന്നു. ഓരോരുത്തരെ വെട്ടിച്ച് മെസ്സിയെത്തിയത് ഗോള്‍പോസ്റ്റിന്റെ വലത്തേ മൂലയ്ക്ക് പുറത്ത്. മുന്നില്‍ നില്‍ക്കുന്ന ഗ്വാര്‍ഡിയോളെ തെറ്റിദ്ധരിപ്പിച്ച് വെട്ടിച്ച് അവിശ്വസനീയമായ കുതിപ്പിലൂടെ ജൂലിയന്‍ അല്‍വാരസിനു അളന്നു കുറിച്ച പാസ്. നിമിഷാര്‍ദ്ധം കൊണ്ട് ലിവക്കോവിച്ചിനെ കീഴടക്കി പന്ത് വലയിലാക്കി അല്‍വാരസ്! ഗോള്‍! ഒരേസമയം പന്തിലും എതിരാളികളുടെ ചുവടുനീക്കത്തിലും ശ്രദ്ധയൂന്നി, അവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന നൃത്തചുവടുകളോടെ മുന്നേറുമ്പോഴും, സഹ കളിക്കാരുടെ സ്ഥാനവും നില്‍പ്പും കാണാതെ കണ്ട് കണക്കുകൂട്ടി നല്‍കുന്ന ആ പാസുകളുടെ പേരാണ്, മെസ്സി മാജിക്ക്!

മെസ്സിയോടൊപ്പം ഇന്നത്തെ കളിയില്‍ ചേര്‍ത്തു വയ്ക്കേണ്ട പേരാണ്, ജൂലിയന്‍ അല്‍വാരസ്. വിരമിക്കാനിരിക്കുന്ന മെസ്സിയുടെ പകരക്കാരന്‍? മൂന്ന് ഗോള്‍ വീണതോടെ ക്രോയേഷ്യയുടെ 'വിധി' നിര്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു സമാശ്വാസ ഗോളെങ്കിലും നേടാനായി അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, അര്‍ജന്റീനന്‍ പ്രതിരോധത്തിന് മുന്നില്‍ വിലപ്പോയില്ല. അര്‍ജന്റീന ഗോള്‍കീപ്പര്‍ ഡാമിയന്‍ മാര്‍ട്ടിനെസും അപ്രതിരോധ്യനായിരുന്നു.

നെയ്മറുടെയും ബ്രസീലിന്റെയും ലോകകപ്പ് സ്വപ്നനാഗാലവസാനിപ്പിച്ചെത്തിയ ക്രൊയേഷ്യ മെസ്സിയുടെയും അര്‍ജന്റീനയുടെയും കപ്പ് സ്വപ്നങ്ങള്‍ തച്ചുടക്കുമോയെന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റു നോക്കിയത്. എന്നാല്‍ ബ്രസീലിനെതിരെ അവസാന നിമിഷങ്ങളില്‍ കളിച്ച ക്രൊയേഷ്യയുടെ നിഴലായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. ബ്രസീലിനെ പൂട്ടിയ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും മാറ്റിയോ കൊവാസിച്ചും മാര്‍സെലോ ബ്രോസോവിച്ചുമടങ്ങിയ മികച്ച മധ്യനിരയ്ക്ക് ബ്രസീലിനെതിരെ കാഴ്ചവെച്ച കളി പുറത്തെടുക്കാനായില്ല. മാന്‍ റ്റു മാന്‍ മാര്‍ക്കിങ്ങില്‍ മെസ്സിയെ വീഴ്ത്താനുമായില്ല. തോറ്റു എന്ന് കണക്കാക്കിയിടത്തുനിന്നുള്ള കുതിപ്പിന്, തിരിച്ചുവരവിന് കേളികേട്ട ക്രൊയേഷ്യയുടെ ദിവസമല്ലായിരുന്നു ഇന്നലെ. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീന അവര്‍ക്കൊരു അവസരവും നല്‍കിയില്ല എന്ന് പറയുന്നതാണ് ശരി. ക്വാര്‍ട്ടറിലെത്തുംവരെ തങ്ങള്‍ വഴങ്ങിയ മൊത്തം ഗോള്‍ സെമിയില്‍ അര്‍ജന്റീനയ്ക്കെതിരെ അവര്‍ വഴങ്ങി.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആഘോഷമായി അര്‍ജന്റീനന്‍ കളിക്കാര്‍ ഫൈനലിലേക്ക്. നിരാശാഭരിതമായ മുഖത്തോടെ ക്രൊയേഷ്യന്‍ കളിക്കാര്‍ ലോകക്കപ്പില്‍നിന്ന് പുറത്തേക്കും. എങ്കിലും തുടര്‍ച്ചയായി രണ്ടാംവട്ടവും സെമി ഫൈനല്‍ കളിച്ചെന്ന് അവര്‍ക്ക് അഭിമാനിക്കാം.

'ഇത് എന്റെ ഏറ്റവും മികച്ച ലോകകപ്പാണോ, എനിക്കറിയില്ല. ഏറെക്കാലമായി ഞാന്‍ ഇത് ഒരുപാട് ആസ്വദിക്കുന്നു. ഈ സംഘം തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ഞങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളില്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു' മത്സരം കഴിഞ്ഞ് മെസ്സി പറഞ്ഞു. 'ലോകക്കപ്പിന് ഒരു ചുവട് മാത്രം അകലെയാണ് ഞങ്ങള്‍. ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ പരമാവധി ശ്രമിക്കും'. പതിനെട്ടിലെ ഫൈനലിന് പ്രതിയോഗികള്‍ ഫ്രാന്‍സോ മൊറോക്കൊയോ? ആരായാലും ഫൈനല്‍ എളുപ്പമാകില്ല. കടുത്ത ഒരു പോരാട്ടത്തിന് മെസ്സിയും കൂട്ടരും.

Keywords: FIFA-World-Cup-2022, World Cup, World, Lionel Messi, Argentina, Sports, Article, Gulf, Qatar, Football, Football Player, Messi leads Argentina to World Cup final in 3-0 win over Croatia.
< !- START disable copy paste -->

Post a Comment