/ ഭാമനാവത്ത്
കണ്ണൂർ: (www.kvartha.com) മലയാള സിനിമകൾ തീയേറ്ററിൽ മൂക്കുകുത്തി വീഴവേ പണം വാരുന്നത് ഇതര സംസ്ഥാന സിനിമകളെന്ന് റിപോർട്. ഇതര സംസ്ഥാന സിനിമകൾ കാണുന്നതിനാണ് കാണികൾ കൂടുതൽ തീയേറ്ററുകളിലെത്തുന്നുവെന്ന് കണക്കുകൾ സഹിതം തീയേറ്റർ ഉടമകളുടെ സംഘടനകൾ പറയുന്നു.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയത് 250 ഓളം സിനിമകളാണ്. ഇതിൽ പലതും ന്യൂവേവ് സിനിമാ ഗണത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. പുതുനിര സംവിധായകരും അണിയറ പ്രവർത്തകരും താരങ്ങളും അണിനിരന്ന ഇത്തരം ചിത്രങ്ങൾ മിനിമം കലക്ഷൻ നേരത്തെ നേടിയിരുന്നുവെങ്കിലും ഇക്കുറി മിക്ക സിനിമകൾക്കും കാലിടറി.
ഈ വർഷം അവസാന ആറു മാസം റിലീസ് ചെയ്തതിൽ 14 ചിത്രങ്ങൾ മാത്രമാണ് വിജയ ചിത്രങ്ങൾ. ഇതിൽ മമ്മൂട്ടി, പൃഥിരാജ് എന്നിവരുടെ ചിത്രങ്ങളും ഉൾപെടും. നിവിൻ പോളിയുടെ തുറമുഖം, പൃഥിരാജിന്റെ കാപ്പ എന്നീ വൻ ബഡ്ജറ്റ് ചിത്രങ്ങൾ ഡിസംബറിൽ റിലീസ് ചെയ്യാനുണ്ട്. സൂപർ സ്റ്റാറുകൾ കോടികൾ പ്രതിഫലം വാങ്ങുന്നതും കേരളത്തിലെ നിർമാണ ചിലവും മിക്ക നിർമാതാക്കളെയും കുത്തുപാളയെടുപ്പിച്ചിരിക്കുകയാണ്. മുടക്കു മുതൽ പോലും ലഭിക്കാത്തതിനാൽ പരമ്പരാഗതമായി നിർമാണ മേഖലയിലുണ്ടായിരുന്ന പ്രമുഖ ബാനറുകളൊക്കെ കളമൊഴിഞ്ഞിട്ടുണ്ട്.
ഒടിടി പ്ലാറ്റ് ഫോമിന്റെ നിറസാന്നിധ്യം തീയേറ്ററുകളെ കാലിയാക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളാൽ നിലച്ചുപോയ പല സിനിമകളും ഇനിയും ഷൂടിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ജൂലൈ വരെയുള്ള ആറു മാസം ഒടിടിയിലും തീയേറ്ററുകളിലുമായി എഴുപതോളം ചിത്രങ്ങൾ റിലീസായെങ്കിലും വിജയിച്ചത് വെറും ഏഴു ചിത്രങ്ങൾ മാത്രമാണ്. ഇതോടെ ആദ്യം തീയേറ്റർ പിന്നീട് 40 ദിവസം കഴിഞ്ഞ് ഒടിടിയെന്ന നിർദേ ശം വിവിധ കോണുകളിൽ നിന്നും ഉയർന്നുവെങ്കിലും നടപ്പിലായില്ല.
സൂപർ താരങ്ങൾക്ക് കാലിടറിയ വർഷം കൂടിയാണ് 2022. മോഹൻലാൽ ചിത്രങ്ങൾക്ക് തുടർച്ചയായി പരാജയം രുചിക്കേണ്ടി വന്നു. ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം പേരിന് മാത്രമൊതുങ്ങി. ജനപ്രിയ നായകൻ ദിലീപിനും പച്ച തൊടാനായില്ല. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഫഹദ് ഫാസിൽ, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തുടങ്ങിയവർ മിനിമം ഗ്യാരന്റിയുള്ള നടൻമാരായി തന്നെ നിലനിന്നു. എന്നാ താൻ കേസ് കൊട് എന്ന കാസർകോടൻ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ വമ്പൻ ജയത്തോടെ കുഞ്ചാക്കോ ബോബനാണ് തീയേറ്ററുകളെ ഇളക്കിമറിച്ച താരമായത്.
'നായാട്ട് എന്ന സിനിമയിലുടെ താൻ മികച്ച അഭിനേതാവാണെന്ന് ചാക്കോച്ചൻ അടിവരയിട്ടു പറഞ്ഞു.
വള്ളുവനാട്ടിൽ നിന്നും വടക്കെ അറ്റത്തുള്ള കാസർകോട്ടേക്ക് മണ്ണിന്റെ മണമുള്ള കഥകളും ഭാഷയുമായി മലയാള സിനിമ 2022 - ൽ കൂടുമാറിയതാണ് മറ്റൊരു സവിശേഷത. ഇത് വൻ വിജയമാവുകയും ചെയ്തു.
Keywords: Malayalam Movies Of 2022, Kerala,Kannur,News,Top-Headlines,Latest-News,Cinema,Actor,Kunjacko Boban,Prithvi Raj.