തിരുവനന്തപുരം: (www.kvartha.com) ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണമെന്നും കോടതി. തിരുവനന്തപുരം അഡി.സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാര്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതിയായ ഉമേഷും രണ്ടാം പ്രതിയായ ഉദയകുമാറും 1.25 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്കു നല്‍കണം.
തങ്ങളെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇരുപ്രതികളും കോടതിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. യഥാര്‍ഥ കുറ്റവാളികള്‍ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോള്‍ പ്രദേശത്തുനിന്ന് ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നതായും പ്രതികള്‍ വിളിച്ചു പറഞ്ഞു. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്നു നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്.
വിനോദസഞ്ചാരികള്‍ക്കുമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാന്‍ കഴിയുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകള്‍ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം പറഞ്ഞു.
ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാറ്റ് വിയന്‍ സ്വദേശിയായ യുവതിയെ 2018 മാര്‍ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാര്‍ച് 14നു രാവിലെ ഒന്‍പതുമണിക്ക് പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു.
ചൂണ്ടയിടാന്‍പോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നല്‍കിയത്. കോവളം ബീചില്‍ നിന്നു വാഴമുട്ടത്തെ കണ്ടല്‍ക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയില്‍ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവം ഇങ്ങനെ:
ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാറ്റ് വിയന്‍ സ്വദേശിയായ യുവതിയെ 2018 മാര്‍ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണ് യുവതിയെ സഹോദരിയും ഭര്‍ത്താവും ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ലാറ്റ് വിയയിലാണു കുടുംബ വീടെങ്കിലും അയര്‍ലന്‍ഡിലായിരുന്നു താമസം. ഹോടെല്‍ മാനേജ്‌മെന്റ് രംഗത്തായിരുന്നു യുവതിയും സഹോദരിയും പ്രവര്‍ത്തിച്ചിരുന്നത്.
ഇന്റര്‍നെറ്റിലൂടെയാണു പോത്തന്‍കോട്ടെ ആയുര്‍വേദ സെന്ററിനെക്കുറിച്ചറിഞ്ഞു രെജിസ്റ്റര്‍ ചെയ്തത്. മാര്‍ച് 14നു രാവിലെ ഒന്‍പതുമണിക്ക് പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതായതായെന്ന് കാട്ടി അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.
കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓടോറിക്ഷയില്‍ കോവളം ബീചില്‍ എത്തിയ യുവതി 800 രൂപ ഓടോറിക്ഷക്കാരനു നല്‍കിയെന്നും തുടര്‍ന്നു നടന്നുപോയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കോവളത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷാദരോഗിയായ യുവതി കടലില്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന സാധ്യതയില്‍ കടല്‍ത്തീരങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണം.
ചൂണ്ടയിടാന്‍പോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നല്‍കിയത്. പ്രതികളുടെ വീടിനടുത്തുള്ളവരും നിര്‍ണായക വിവരങ്ങള്‍ നല്‍കി. കോവളം ബീചില്‍ നിന്നു വാഴമുട്ടത്തെ കണ്ടല്‍ക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയില്‍ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നല്‍കി കാടിനുള്ളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടല്‍ക്കാട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള മരത്തില്‍ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.
പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികള്‍ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടര്‍ന്നു ശരീരം പൊട്ടിവീണു. ശിരസ് അറ്റുപോയി. ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉള്‍പെടെ 13 കേസുകളിലും ഉദയന്‍ ആറു കേസുകളിലും പ്രതിയാണ്.
ഉമേഷ് സ്ത്രീകളെയും ആണ്‍കുട്ടികളെയും ഉള്‍പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലര്‍ നല്‍കിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടല്‍ക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.
Keywords: Latvian Woman Molest & Murder Case: Court Awards Life Imprisonment To Both Accused, Thiruvananthapuram, News, Life Imprisonment, Court, Verdict, Molestation, Murder, Kerala.